International

ആലിബാബ സ്ഥാപകനെ രണ്ട് മാസമായി കാണാനില്ലെന്ന് റിപ്പോര്‍ട്ടുകള്‍

ലോകത്തിലെ ശതകോടീശ്വരന്‍മാരിലൊരാളും ചൈനയിലെ പ്രമുഖ ടെക്ക് കമ്പനിയായ ആലിബാബയുടെ സ്ഥാപകൻ ജാക്ക് മായെ കാണാനില്ലെന്ന് റിപ്പോർട്ടുകൾ. രണ്ടു മാസത്തിന് മുകളിലായി ജാക് മാ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ചൈനീസ് സർക്കാരിനെ വിമർശിച്ചതിനെ തുടർന്ന് മായുടെ നിയന്ത്രണത്തിലുള്ള ആൻഡ് ഗ്രൂപ്പ് നിരീക്ഷണത്തിലാണ്. നവീനാശയങ്ങളെ നിരുത്സാഹപ്പെടുത്തുന്ന നിലപാട് ചൈനീസ് സർക്കാർ സ്വീകരിക്കുന്നു എന്ന ജാക്ക് മായുടെ പരാമർശം വിവാദമായിരുന്നു.

ജാക്ക് മായുടെ തന്നെ പരിപാടിയായ ‘ആഫ്രിക്കന്‍ ബിസിനസ് ഹീറോസ്’ എന്ന പരിപാടിയില്‍ നേരത്തെ നിശ്ചയിച്ചതില്‍ നിന്നും വ്യത്യസ്തമായി അദ്ദേഹം പങ്കെടുക്കാതിരുന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 10നാണ് അദ്ദേഹം അവസാനമായി ട്വീറ്റ് ചെയ്തത്. ആഫ്രിക്കൻ സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ടാലന്‍റ് ഷോയ്ക്ക് ജാക്ക് മാ നേതൃത്വം നൽകിയത്. ഇതിൽ പങ്കെടുക്കാതിരുന്നതോടെയാണ് അദ്ദേഹത്തിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ കൂടുതലായി പ്രചരിക്കാൻ തുടങ്ങിയത്. ഷോയുടെ ജഡ്ജിംഗ് പാനലില്‍ ജാക് മാ അംഗമായിരുന്നു. എന്നാല്‍ നവംബറില്‍ അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്നും നീക്കിയതായി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആലിബാബയുടെ വെബ്സൈറ്റില്‍ ജാക് മായുടെ ചിത്രവും നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍ ഷെഡ്യൂള്‍ പ്രശ്നം മൂലമാണ് അദ്ദേഹം ജഡ്ജിംഗ് പാനലിന്‍റെ ഭാഗമാകാത്തതെന്ന് ആലിബാബ വക്താവിനെ ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ജാക്ക് മാ താഴോട്ട് പോയിരുന്നു. ആറാം സ്ഥാനത്തേയ്ക്കാണ് പിന്തള്ളപ്പെട്ടത്.

ചൈനയുടെ നിയന്ത്രണത്തിലുള്ള ബാങ്കുകള്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതായി ഒക്ടോബറില്‍ നടന്ന ബിസിനസ് കോണ്‍ഫറന്‍സില്‍ ജാക് മാ പരസ്യമായി വിമര്‍ശിച്ചിരുന്നു. ഇന്നത്തെ സാമ്പത്തിക രംഗം വ്യവസായിക കാലഘട്ടത്തിന്‍റെ പാരമ്പര്യമാണെന്നും അടുത്ത തലമുറക്ക് വേണ്ടി നമ്മള്‍ പുതിയൊരു സംവിധാനം രൂപപ്പെടുത്തണമെന്നും നിലവിലുള്ള സംവിധാനത്തെ പരിഷ്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.