International

വീണ്ടും കോവിഡ്: ചൈനയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ അടച്ചു

ചൈനയിൽ വീണ്ടും രോഗവ്യാപനമുണ്ടായ ബെയ്ജിംഗിലെ ച്ചിന്‍ഫാദി മാര്‍ക്കറ്റ് നേരത്തേ അടച്ചിരുന്നു. സമീപത്തെ പത്ത് പ്രദേശങ്ങള്‍ കൂടി ഇന്ന് അടച്ച് പൂട്ടി

വീണ്ടും കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ അടച്ചു. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് റിപ്പോര്‍ട്ട് ചെയ്തത്. ബ്രസീലില്‍ കോവിഡ് വ്യാപനം തുടരുകയാണ്.

ചൈനയിൽ വീണ്ടും രോഗവ്യാപനമുണ്ടായ ബെയ്ജിംഗിലെ ച്ചിന്‍ഫാദി മാര്‍ക്കറ്റ് നേരത്തേ അടച്ചിരുന്നു. സമീപത്തെ പത്ത് പ്രദേശങ്ങള്‍ കൂടി ഇന്ന് അടച്ച് പൂട്ടി. ടൂറിസം, സ്പോര്‍ട്സ് മേഖലകളെല്ലാം നിര്‍ത്തിവെച്ചു. മാര്‍ക്കറ്റ് സന്ദര്‍ശിച്ച ആയിരക്കണക്കിനാളുകളെ പരിശോധിച്ചു. കോവിഡ് രോഗികളെക്കാൾ ലക്ഷണങ്ങൾ ഇല്ലാത്ത രോഗികളാണ് ആരോഗ്യപ്രവർത്തകരെ ആശങ്കയിലാക്കുന്നത്.

വുഹാനിലെ മാർക്കറ്റിൽ വിറ്റ ഏതോ വന്യജീവിയിൽ നിന്നാണ് ആദ്യമായി വൈറസ് പടര്‍ന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ ച്ചിന്‍ഫാദി മാര്‍ക്കറ്റില്‍ അത്തരത്തിലൊരു വില്‍പനയും നടക്കാത്തതും ആരോഗ്യപ്രവര്‍ത്തകരെ കുഴക്കുന്നുണ്ട്.

അതേസമയം അമേരിക്കയില്‍ കഴിഞ്ഞ ഇരുപത്തിനാല്‍ മണിക്കൂറിനിടയില്‍ ഏറ്റവും കുറഞ്ഞ മരണ നിരക്കാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കോവിഡ് വ്യാപനം രൂക്ഷമായ ഏപ്രില്‍ മധ്യത്തിനു ശേഷമുള്ള കുറഞ്ഞ നിരക്കാണിത്. സര്‍ക്കാരിന്‍റെ പിടിപ്പുകേടാണ് അമേരിക്കയുടെ ദുരവസ്ഥയ്ക്ക് കാരണമെന്ന് വിമര്‍ശിച്ച റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍, റഷ്യ കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറുകയാണെന്നും പറഞ്ഞു.

ലാറ്റിനമേരിക്കയിൽ ആകെ മരിച്ച മുക്കാൽ ലക്ഷത്തിൽ, പകുതിയിലധികമാളുകളും ബ്രസീലിലാണ്. ഫ്രാന്‍സില്‍ ലോക്ഡൌണ്‍ ഇളവില്‍ നിര്‍ണായക പ്രഖ്യാപനം നടത്തി പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണ്‍ രാജ്യത്തെ അഭിസംബോധന ചെയ്തു. കഫേയും റസ്റ്റോറന്‍റുകളും തുറന്നു. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്കും നീക്കി.