International

കോവിഡ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയെ ചൈന ജയിലിലടച്ചു

ചൈനയില്‍ കോവിഡ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത പത്രപ്രവര്‍ത്തകയെ ജയിലില്‍ അടച്ചു. വുഹാന്‍ നഗരത്തില്‍ കോവിഡ് ലോക്ക്ഡൗണ്‍ സമയത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സിറ്റിസണ്‍ ജേണലിസ്റ്റ് സാങ്ങ് സാനെയാണ് നാല് വര്‍ഷം ജയിലിലടക്കാന്‍ കോടതി ഉത്തരവിട്ടത്. 37 കാരിയായ സാങ്ങ് സാന്‍ കുറ്റക്കാരിയാണെന്ന് തിങ്കളാഴ്ച രാവിലെ ഷാങ്ഹായ് പുഡോംഗ് ന്യൂ ഏരിയ പീപ്പിള്‍സ് കോടതിയാണ് കണ്ടെത്തിയത്.

മനപ്പൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു, പ്രകോപനകരമായ രീതിയില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തു എന്നിവയാണ് ചുമത്തപ്പെട്ട കുറ്റങ്ങള്‍. ലോക്ക്ഡൗണ്‍ സമയത്ത് മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണമുള്ള ഘട്ടത്തിലും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത ചുരുക്കം ചില പത്രപ്രവര്‍ത്തകരില്‍ ഒരാളാണ് സാങ്ങ് സാന്‍. മെയ് പകുതി മുതല്‍ ഷാങ്ഹായിലെ പുഡോംഗ് ജില്ലയിലെ ഒരു തടങ്കല്‍ കേന്ദ്രത്തില്‍ തടവിലാക്കപ്പെട്ട സാങ്ങ് സാന്‍ അറസ്റ്റിനെതിരെ പ്രതിഷേധിച്ച് ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു.

വീല്‍ചെയറിലിരുന്ന് വിചാരണയില്‍ പങ്കെടുത്ത സാങ്ങ് സാന്റെ ആരോഗ്യനില മോശമായിരുന്നുവെന്ന് അഭിഭാഷകന്‍ ഷാങ് കേക്കെ പറഞ്ഞു. മനുഷ്യാവകാശ പ്രവര്‍ത്തകനും ഗാന്‍സു പ്രവിശ്യയിലെ മുന്‍ പോലീസ് ഉദ്യോഗസ്ഥനുമായ ലി ഡാവെ, സാങ്ങ്‌സാന് പിന്തുണയുമായി രംഗത്തെത്തി. രാവിലെ ഒന്‍പത് മണിയോടെ കോടതിയിലെത്തിയ അദ്ദേഹം വിചാരണ നിരീക്ഷിക്കാനായി കോടതിമുറിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. പുഡോംഗ് കോടതിക്ക് മുന്നില്‍ സാങ് സാനെ പിന്തുണയ്ക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന നൂറുകണക്കിന് പൗരന്മാരെ പോലീസ് തടഞ്ഞു.