ആറ് ദശകങ്ങൾക്ക് ശേഷം ഒരു ടിബെറ്റൻ നേതാവ് വൈറ്റ് ഹൗസ് സന്ദർശിച്ചു. സെൻട്രൽ ടിബെറ്റൻ അഡ്മിനിസ്ട്രേഷൻ അധ്യക്ഷൻ ലോബ്‌സാങ് സംഗായ് ആണ് വൈറ്റ് ഹൗസിന്റെ ക്ഷണം സ്വീകരിച്ച് സന്ദർശനം നടത്തിയത്. വൈറ്റ് ഹൗസിലെ ടിബെറ്റൻ വിഷയങ്ങൾക്കുള്ള നിയുക്ത സംഘാടകൻ റോബർട്ട് ഡിസ്ട്രോയുമായാണ് ഇദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.
ടിബറ്റിന്റെ നിലവിലുള്ള എക്സൈൽ ഭരണനേതൃതത്വം ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നതിൽ സന്തോഷമുണ്ടെന്ന് ലോബ്‌സാങ് സംഗായ് പറഞ്ഞു. അമേരിക്കയുമായുള്ള സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേഷന്റെ ഔദ്യോഗിക ബന്ധത്തെ ശക്തിപ്പെടുത്തുമെന്ന ശുഭപ്രതീക്ഷ നൽകുന്നതാണ് ഈ അപ്രതീക്ഷിത കൂടിക്കാഴ്ചയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയും ചൈനയും തമ്മിൽ വർഷങ്ങളായി നിലനിൽക്കുന്ന തർക്കവിഷയങ്ങളിലൊന്നാണ് ടിബെറ്റൻ പ്രശനം. ഇക്കഴിഞ്ഞ ജൂലൈയിൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ടിബെറ്റിനോടുള്ള ചൈനയുടെ നിലപാടിനെതിരെ രംഗത്ത് വന്നിരുന്നു. ചൈന നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും, വാഷിംഗ്‌ടൺ ടിബെറ്റൻ ജനതയുടെ സ്വയം ഭരണത്തെ അനുകൂലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ചൈനയെ ഭിന്നിപ്പിക്കുക എന്ന ദുരുദ്ദേശ്യത്തോടെ ടിബെറ്റിനെ ചൈന ഉപയോഗപ്പെടുത്തുകയാണെന്നാണ് ബീജിംഗ് ഔദ്യോഗിക വൃത്തങ്ങൾ ആരോപിക്കുന്നത്.