ബ്രിട്ടണിൽ ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ വ്യാപനത്തില്‍ ലോകത്ത് ആശങ്ക. അതിവ്യാപന ശേഷിയുള്ള വൈറസാണ് ഇപ്പോൾ വ്യാപിക്കുന്നത് എന്നതിനാൽ യൂറോപ്പടക്കം പല പ്രദേശങ്ങളും യു.കെയിൽ നിന്നുള്ള എല്ലാ യാത്രക്കാരെയും വിലക്കിയിരിക്കുകയാണ്. അതേസമയം സ്ഥിതി നിയന്ത്രണാതീതമെന്ന് ബ്രിട്ടണ് അറിയിച്ചു.
യുകെയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ ട്രെയിന്‍ സര്‍വീസും നിര്‍ത്തലാക്കിയിട്ടുണ്ട്. നേരത്തേയുള്ളതിനേക്കാള്‍ മാരക വ്യാപനശേഷിയാണ് ജനിതക മാറ്റത്തിലൂടെ വൈറസിന് സംഭവിച്ചത്. 70 ശതമാനത്തിലേറെയാണ് വ്യാപനശേഷി. അതേസമയം വ്യാപന ശേഷി കൂടുന്നതിനനുസരിച്ച് മരണ നിരക്ക് കൂടുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. മരണ നിരക്കില്‍ മാറ്റമില്ലെന്നാണ് ബ്രിട്ടന് അറിയിക്കുന്നത്. നിലവിലെ വാക്സിനുകള്‍ ജനിതക മാറ്റം സംഭവിച്ച വൈറസിനെ പ്രതിരോധിക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വരും ദിവസങ്ങളിലെ ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവൂ.
ഞായറാഴ്ച മാത്രം 13000 പേര്‍ക്കാണ് പുതിയ തരം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ലണ്ടന്‍ മേഖലയിലും തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലുമാണ് രോഗവ്യാപനം നടന്നിരിക്കുന്നത്. അതേസമയം കോവിഡിന്റെ പുതിയ രൂപം വിവിധ രാജ്യങ്ങളില്‍ പടരുന്ന പശ്ചാത്തലത്തില്‍ സൗദി അറേബ്യയും മുന്‍കരുതല്‍ സ്വീകരിച്ചു. ഇതിന്റെ ഭാഗമായി കര, നാവിക, വ്യോമ അതിര്‍ത്തികള്‍ സൗദി അറേബ്യ വീണ്ടും അടച്ചു. ഒരാഴ്ചത്തേക്കാണ് അടച്ചത്. ആവശ്യമെങ്കില്‍ വീണ്ടും വിലക്ക് തുടരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.