International

ബ്രിട്ടണിൽ കൊവിഡ് ബാധ രൂക്ഷമാവുന്നു; 88,376 പേർക്ക് കൂടി രോഗബാധ

ബ്രിട്ടണിൽ കൊവിഡ് ബാധ രൂക്ഷമാവുന്നു. പുതുതായി 88,376 പേർക്ക് കൂടി രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചു. ഒമിക്രോൺ വകഭേദം വലിയ ഭീഷണിയായി തുടരുകയാണ്. 146 പേർ മരണപ്പെട്ടു. ഇതോടെ ആകെ മരണം 147,000 ആയി.

അതേസമയം, ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 7,974 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 343 പേർ കൊവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കൊവിഡ് കേസുകൾ 34,718,602 ആയി.

3,41,54,879 പേർക്ക് ഇതുവരെ രോഗമുക്തി നേടാൻ സാധിച്ചു. 98.38 ശതമാനമാണ് ആകെ രോഗമുക്തി നിരക്ക്. കൊവിഡ് ബാധിച്ചുള്ള ആകെ മരണസംഖ്യ 4,76,478 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ 87,245 പേരാണ് വൈറസ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇതിനിടെ ഇന്ത്യയിലെ കൊവിഡ് വാക്‌സിനേഷൻ കവറേജ് 135.25 കോടി കവിഞ്ഞു. 82.08 കോടി ആളുകൾ ആദ്യ ഡോസ് എടുത്തപ്പോൾ 53.09 കോടി പേർ രണ്ട് ഡോസ് വാക്‌സിനേഷനും എടുത്തിട്ടുണ്ട്.

രാജ്യത്തെ മുതിർന്ന പൗരന്മാരിൽ ജനസംഖ്യയുടെ 55% ത്തിലധികം പേർക്ക് രണ്ട് ഡോസുകളും ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. ഈ ആഴ്ച മാത്രം 55.52% പേർ ഒന്നും രണ്ടും ഡോസ് വാക്‌സിനെടുത്തു. 87% ആളുകൾക്കാണ് ആദ്യ ഡോസ് വാക്‌സിൻ ലഭിച്ചത്.