International

നിലപാട് തിരുത്തി ബ്രിട്ടൻ; കൊവിഷീൽഡിന് അം​ഗീകാരം

ഇന്ത്യൻ നിർമിത കൊവിഡ് വാക്സിൻ കൊവിഷീൽഡ് അം​ഗീകരിച്ച് ബ്രിട്ടൻ. വിദേശകാര്യമന്ത്രി ഇംഗണ്ട് വിദേശകാര്യ സെക്രട്ടറിയുമായ് നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. കൊവിഷീൽഡ് വാക്സിൻ സ്വീകരിച്ചവർക്ക് ഇനി ഇംഗ്ലണ്ടിൽ ക്വാനന്റീൻ ഇല്ലാതെ പ്രവേശിക്കാം. ( britain approves covishield )

കൊവിഷീല്‍ഡ് വാക്‌സിന്‍ ഇംഗ്ലണ്ട് അംഗീകരിക്കാത്തത് വിവേചനമാണെന്ന് ഇന്ത്യ നേരത്തെ തുറന്നടിച്ചിരുന്നു. വാക്‌സിന്‍ എടുത്തവര്‍ക്ക് ഇംഗ്ലണ്ടില്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയത് അംഗീകരിക്കാനാകില്ലെന്നും ഇന്ത്യയുടേത് ഉന്നത നിലവാരം പുലര്‍ത്തുന്ന വാക്‌സിനുകളാണെന്നും കേന്ദ്രസര്‍ക്കാര്‍ അവകാശവാദമുന്നയിച്ചു. വിഷയത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ബ്രിട്ടനെ അതൃപ്തി അറിയിച്ചെന്ന് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കിയിരുന്നു

ഇന്ത്യയില്‍ നിന്നും കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചാലും ക്വാറന്റീന്‍ വേണമെന്ന് നിര്‍ബന്ധിത നിര്‍ദ്ദേശത്തോടായിരുന്നു ഇന്ത്യയുടെ എതിര്‍പ്പ്. ബ്രിട്ടന്റെ പുതിയ തീരുമാനം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തിരിച്ചടിയാണെന്നും വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശിഖ്‌ള പ്രതികരിച്ചു. ബ്രിട്ടന്‍ നയം മാറ്റിയില്ലെങ്കില്‍ ഇന്ത്യയും സമാനനയം സ്വീകരിക്കുമെന്നാണ് ഇന്ത്യയുടെ നിലപാട്.

എന്നാല്‍ ഇന്ത്യയില്‍ നിന്ന് കൊവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് ക്വാറന്റീന്‍ ഏര്‍പ്പെടുത്തുന്നതുപോലെ യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്ന് ആസ്ട്ര സെനകയുടെ വാക്‌സിനെടുത്തവര്‍ക്ക് ക്വാറന്റീന്‍ ബ്രിട്ടന്‍ നിഷ്‌കര്‍ഷിക്കുന്നില്ല. പുനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കൊവിഷീല്‍ഡ് വാക്‌സിന്‍ ബ്രിട്ടണിലെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രാസെനകയും ചേര്‍ന്നാണ് വികസിപ്പിച്ചത്.

ഇന്ത്യയില്‍ നിന്ന് രണ്ട് ഡോസ് കൊവിഷീല്‍ഡ് സ്വീകരിച്ചവരാണെങ്കിലും ബ്രിട്ടണിലെത്തിയാല്‍ 10 ദിവസം ക്വാറന്റീനില്‍ പ്രവേശിക്കണം. അതേസമയം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് അമേരിക്ക നീക്കി. നവംബര്‍ മുതല്‍ രാജ്യത്ത് പ്രവേശനം നല്‍കുമെന്ന് കൊവിഡ് റെസ്‌പോണ്‍സ് കോര്‍ഡിനേറ്റര്‍ ജെഫ്രി സെയ്ന്റ്‌സ് അറിയിച്ചു.

18 മാസമായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണമാണ് ഇതോടെ എടുത്ത് മാറ്റുന്നത്. കൊവിഡ് പൊട്ടിപ്പുറപ്പെട്ടത് മുതല്‍ അന്ന് പ്രസിഡന്റായിരുന്ന ഡോണള്‍ഡ് ട്രംപാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഏതൊക്കെ വാക്‌സിന്‍ എടുത്തവര്‍ക്കാകും പ്രവേശനം എന്ന കാര്യത്തില്‍ അധികൃതര്‍ വ്യക്തത വരുത്തിയിട്ടില്ല. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും സെയ്ന്റ്‌സ് അറിയിച്ചു.