International

ബഹ്റൈനിലേക്കുള്ള പൊള്ളുന്ന യാത്രാ നിരക്ക്: സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

കേരളത്തിൽ നിന്ന് ബഹ്റൈനിലേക്കുള്ള വിമാനയാത്രാ നിരക്കിലുണ്ടായ ഗണ്യമായ വർധന കുറക്കാൻ കേന്ദ്ര, കേരള സർക്കാരുകൾ ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു. കോവിഡ് സാഹചര്യത്തിലും ഉയർന്ന തോതിലുള്ള എയർ ടിക്കറ്റ് നിരക്ക് നൽകേണ്ടി വരുന്നത് പ്രവാസികളെ വലക്കുകയാണ്.

കേരളത്തിൽ നിന്ന് ബഹ്റൈനിൽ തിരിച്ചെത്താൻ എയർ ടിക്കറ്റിന് അരലക്ഷത്തിലേറെ രൂപ മുടക്കേണ്ടി വരുന്ന അവസ്ഥയാണ് പ്രവാസികളെ വിഷമസന്ധിയിലാക്കുന്നത്. വിഷയത്തിൽ കേന്ദ്ര കേരള സർക്കാരുകൾ ഇടപെടണമെന്നാണ് പ്രവാസികളുടെ ആവശ്യം.

എയർ ബബിൾ കരാർ നടപ്പിലാകുന്നതോടെ യാത്രാ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് സമാശ്വാസമായിരുന്നു വിസ കാലാവധി തീരുമെന്നും ജോലി നഷ്ടപ്പെടുമെന്നുമുള്ള ആശങ്കകളോടെ കേരളത്തിൽ തങ്ങേണ്ടി വന്ന പ്രവാസികൾക്ക്. എന്നൽ കരാർ നടപ്പിലായിട്ടും എയർ ടിക്കറ്റ് കിട്ടാൻ വൻ തുക മുടക്കേണ്ട അവസ്ഥയാണുള്ളത്.

വിമാനയാത്രാ നിരക്ക് വിഷയത്തിൽ ഇടപെട്ട് നിരക്ക് കുറക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സത്വര നടപടികൾ സ്വീകരിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം. ബഹ്‌റൈന്‍ പ്രവാസി മലയാളികളുടെ യാത്രാദുരിതത്തിന് പരിഹാരം കാണാൻ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കുഞ്ഞാലിക്കുട്ടി എം.പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പൂരിക്കും കത്തയച്ചിരുന്നു.

ഈ ആവശ്യമുന്നയിച്ച് വിവിധ പ്രവാസി സംഘടനകളും അധിക്യതർക്ക് നിവേദനം നൽകി. വിഷയത്തിൽ കേന്ദ്ര കേരളസർക്കാരുകളുടെ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബഹ്റൈൻ പ്രവാസികൾ.