ജിമ്മി ലായ്‍യുടെ അറസ്റ്റിനെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വാഗതം ചെയ്തു
ഹോങ്കോങ് ഭരണകൂടത്തിനും ചൈനയുടെ ആധിപത്യത്തിനുമെതിരെ ശബ്ദമുയർത്തിയിരുന്ന മാധ്യമ ഉടമ ജിമ്മി ലായ്‌യെ ഹോങ്കോങ് പൊലീസ് അറസ്റ്റ് ചെയ്തു. ഹോങ്കോങ് ആസ്ഥാനമായുള്ള മാധ്യമസ്ഥാപനമായ നെക്‌സ്റ്റ് ഡിജിറ്റൽ, ജനപ്രിയ ദിനപത്രം ആപ്പിൾ ഡെയ്‌ലി എന്നിവയുടെ ഉടമയായ ജമ്മി ലായ്‌യെ ഇക്കഴിഞ്ഞ ജൂണിൽ നിവലിൽ വന്ന ദേശീയ സുരക്ഷാ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ ചൈനീസ് വിദേശമന്ത്രാലയവും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ ഗ്ലോബൽ ടൈംസും സ്വാഗതം ചെയ്തു.
വസ്ത്രവ്യാപാര രംഗത്തെ പ്രമുഖനായ ജിമ്മി ലായ് സ്വതന്ത്ര മാധ്യമപ്രവർത്തനത്തിലൂടെയാണ് ചൈനീസ്, ഹോങ്കോങ് ഭരണകൂടങ്ങളുടെ കണ്ണിലെ കരടായി മാറിയത്. 25 വർഷം മുമ്പ് അദ്ദേഹം സ്ഥാപിച്ച ആപ്പിൾ ഡെയ്‌ലി, ഹോങ്കോങിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന പത്രമാണ്. ഹോങ്കോങിനു മേൽ ചൈന പുലർത്തുന്ന ആധിപത്യത്തെ നിരന്തരം ചോദ്യം ചെയ്ത ജിമ്മി ലായ് 2019-ൽ ബഹുജന പ്രക്ഷോഭത്തിൽ പങ്കാളിയാവുകയും ചെയ്തു. ജനങ്ങളെളെ വികാരം കൊള്ളിച്ച് കലാപത്തിന് ശ്രമിക്കുന്നയാളാണ് ജിമ്മി ലായ് എന്ന് ചൈന ആരോപിച്ചിരുന്നു. ചൈനയിൽ ബിസിനസ് സംരംഭങ്ങൾ ഇല്ലാത്ത ലായ് ലാഭരഹിതമായാണ് ആപ്പിൾ ഡെയ്‌ലി നടത്തിയിരുന്നത്.
ജൂൺ 30-ന് ഹോങ്കോങിൽ പുതിയ ദേശസുരക്ഷാ നിയമം പാസായപ്പോൾ അതിനെ ‘ഹോങ്കോങിന്റെ മരണമണി’ ആയാണ് ജിമ്മി ലായ് വിശേഷിപ്പിച്ചത്. ചൈനയെ പോലെ ഹോങ്കോങും അഴിമതി നിറഞ്ഞ സ്ഥലമാവുമെന്നും തന്നെ ജയിലിലടക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
‘ജയിലിൽ പോകാൻ എനിക്ക് മടിയില്ല. അങ്ങനെ സംഭവിക്കുകയാണെങ്കിൽ പുതിയ പുസ്തകങ്ങൾ വായിക്കാൻ എനിക്ക് അവസരം ലഭിക്കും. അപ്പോൾ അതായിരിക്കും എനിക്ക് ചെയ്യാൻ കഴിയുന്ന പോസിറ്റീവായ കാര്യം’
– എ.എഫ്.പിക്ക് നൽകിയ അഭിമുഖത്തിൽ ജിമ്മി ലായ് പറഞ്ഞു.
മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് ലായ് യുടെ അറസ്റ്റെന്ന് ആപ്പിൾ ഡെയ്‌ലി പ്രതികരിച്ചു. ഉടമയുടെ മോചനത്തിനു വേണ്ടി നിയമപോരാട്ടം നടത്തുമെന്നും അദ്ദേഹം മോചിതനായില്ലെങ്കിൽ പത്രത്തിന് അതിജീവനം പ്രയാസമായിരിക്കുമെന്നും ആപ്പിൾ ഡെയ്‌ലി അധികൃതർ പറഞ്ഞു.