International

ഹിരോഷിമ ദിനത്തിന്റെ ഓര്‍മകള്‍ക്ക് 76വയസ്

മരണം തീമഴയായി പെയ്ത ഹിരോഷിമയിലെ ഓര്‍മകള്‍ക്ക് ഇന്ന് 76 വയസ്. 1945 ഓഗസ്റ്റ് ആറിന് രാവിലെ 8.15നാണ് അമേരിക്കയുടെ യുദ്ധവിമാനം ഹിരോഷിമയ്ക്ക് മേല്‍ അണുബോബ് വര്‍ഷിച്ചത്. ലോകത്ത് ആദ്യമായി അണുബോംബ് ഉപയോഗിച്ചത് ഹിരോഷിമയിലായിരുന്നു. ആ കറുത്ത ദിനങ്ങളെക്കുറിച്ചുള്ള ഓരോ ഓര്‍മയും മനസാക്ഷിയെ പൊള്ളിക്കുന്നതാണ്.(76th hiroshima day)

ഓഗസ്റ്റ് ആറിന് ജപ്പാനിലെ ഹോണ്‍ ഷൂ ദ്വീപിലെ നഗരമായ ഹിരോഷിമയിലാണ് ആ അണുബോംബ് വന്നുപതിച്ചത്. അന്നവിടെ ഞൊടിയിടയില്‍ തകര്‍ക്കപ്പെട്ടത് നിഷ്‌കളങ്കരായ ഒരു ജനതയുടെ ജീവനും ജീവിതവുമെല്ലാമായിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാനെ പരാജയപ്പെടുത്താന്‍ അമേരിക്ക കണ്ടെത്തിയ ആയുധമായിരുന്നു ലിറ്റില്‍ ബോയ് എന്ന ബോംബ്. 40,000 ത്തോളം ജാപ്പനീസ് സൈനികര്‍ ഉള്‍പ്പെടുന്ന സെക്കന്‍ഡ് ജനറല്‍ ആര്‍മിയുടെ ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്ന ഹിരോഷിമ നഗരത്തെയാണ് അതിനായി ആദ്യം തിരഞ്ഞെടുത്തത്. യുറേനിയം 235 ഐസോടോപ്പിനെ ലെഡ് കൊണ്ട് ആവരണം ചെയ്തു നിര്‍മ്മിച്ച ലിറ്റില്‍ ബോയ് ആയിരം സൂര്യനുതുല്യമായി ഹിരോഷിമ നഗരം ചുട്ടെരിച്ചു. 1,40000 ത്തോളം ആളുകള്‍ കൊല്ലപ്പെട്ടു.

ബോംബ് വര്‍ഷത്തിന്റെ റേഡിയേഷന്‍ പിന്നെയും പതിറ്റാണ്ടുകളോളം ജപ്പാനെ കണ്ണില്ലാത്ത ക്രൂരതയായി പിന്‍തുടര്‍ന്നു. റേഡിയേഷന്റെ അതിപ്രസരത്തില്‍ ഒന്നരലക്ഷത്തോളം പേര്‍ക്ക് വര്‍ഷങ്ങളുടെ ഇടവേളയില്‍ ജീവന്‍ നഷ്ടമായി. ഹിരോഷിമയിലെ ദുരന്തത്തിന്റെ ഞെട്ടല്‍ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുമ്പോള്‍ തന്നെ ഓഗസ്റ്റ് 9 ആയപ്പോള്‍ അടുത്ത ദുരിതമെത്തി. അതായിരുന്നു നാഗസാക്കിയിലെ പ്ലൂട്ടോണിയം ബോംബാക്രമണം. രണ്ടാം ലോകമഹായുദ്ധത്തില്‍ ആണവായുധം പ്രയോഗിച്ച രണ്ടാമത്തെ നഗരമാണ് നാഗസാക്കി. ഫാറ്റ്മാന്‍ എന്ന് പേരിട്ടിരിക്കുന്ന ആ അണുബോംബ് കൊന്നൊടുക്കിയത് നാല്‍പതിനായിരം പേരെയാണ്.

രണ്ടുനഗരങ്ങളിലെയും കണക്കുകള്‍ പരിശോധിച്ചാല്‍ ഏകദേശം മൂന്നരലക്ഷത്തോളമാണ് ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം. കണക്കില്‍പ്പെടാതെ പോയ മരണങ്ങളും മരണതുല്യമായി ജീവിച്ചിരിക്കുന്നവരുടെ എണ്ണവും ഇതിലുമെത്രയോ ഏറെ….