International

അന്റാര്‍ട്ടിക റെക്കോര്‍ഡ് ചൂടില്‍

ലോകത്തിലെ ശുദ്ധജലത്തില്‍ 70 ശതമാനവും സംഭരിക്കുന്നത് അന്റാര്‍ട്ടിക്കയിലാണ്.

തണുത്ത ഭൂഖണ്ഡമായ അന്റാര്‍ട്ടിക്ക കടന്നുപോകുന്നത് റെക്കോര്‍ഡ് ചൂടിലൂടെ. അന്റാര്‍ട്ടിക്കയുടെ ചരിത്രത്തിലാദ്യമായി കഴിഞ്ഞ ദിവസം താപനില 20 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രകടമായ സൂചനയാണിതെന്ന് കാലാവസ്ഥാ ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

ലോകത്ത് ഏറ്റവും കൂടുതല്‍ ഐസ് ശേഖരമുള്ള സ്ഥലമാണ് ദക്ഷിണാര്‍ദ്ധ ഗോളത്തിലെ അന്‍റാര്‍ട്ടിക്ക. ഫെബ്രുവരി 9ന് നെയ്മോര്‍ ദ്വീപില്‍ രേഖപ്പെടുത്തിയ താപനില 20.75 ഡിഗ്രി സെല്‍ഷ്യസായിരുന്നു. അന്‍റാര്‍ട്ടിക്കയുടെ ചരിത്രത്തിലെ റെക്കോര്‍ഡ് താപനിലയാണിത്. 1982ല്‍ സിഗ്നി ദ്വീപില്‍ രേഖപ്പെടുത്തിയ 19.7 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇതിന് മുന്‍പ് രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില.

സമുദ്രത്തിന്റെ ഒഴുക്കിലെ വ്യതിയാനങ്ങളും എല്‍നിനോ പ്രതിഭാസവും താപനില ഉയരുന്നതിന് കാരണമാകുന്നതായി കാലവസ്ഥാ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ആഗോള താപനത്തെ തുടർന്ന് ദക്ഷിണധ്രുവത്തിന് ചുറ്റുമുള്ള ഹിമപാളികൾ ഉരുകുന്നത് വലിയ തോതിൽ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് അന്റാർട്ടിക്കയിൽ ചൂട് കൂടുന്നതായി വാർത്തകൾ പുറത്തു വരുന്നത്. മഞ്ഞുപാളികളായും ഐസ് രൂപത്തിലും ലോകത്തിലെ ശുദ്ധജലത്തില്‍ 70 ശതമാനവും സംഭരിക്കുന്നത് അന്റാര്‍ട്ടിക്കയിലാണ്.