International

വിപണി തുറന്നാല്‍ കൂടുതല്‍ മരണങ്ങളുണ്ടാകുമെന്ന് സമ്മതിച്ച് ട്രംപ്, എന്തുവന്നാലും മാസ്‌ക് ധരിക്കില്ല

അമേരിക്കക്ക് വിപണി തുറക്കാതെ മറ്റുമാര്‍ഗ്ഗങ്ങളില്ലെന്ന് പറഞ്ഞ ട്രംപ് മാസ്‌ക് നിര്‍മാണ ഫാക്ടറി സന്ദര്‍ശനത്തിനിടെ പോലും മാസ്‌ക് ധരിക്കാന്‍ തയ്യാറിയില്ല…

വിപണി തുറന്നാല്‍ കൂടുതല്‍ കോവിഡ് മരണങ്ങളുണ്ടാകുമെന്ന് തുറന്നു സമ്മതിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മാസ്‌ക് നിര്‍മ്മാണ ഫാക്ടറി സന്ദര്‍ശിക്കവേയായിരുന്നു ട്രംപ് ഇക്കാര്യം സമ്മതിച്ചത്. മാസ്‌ക് നിര്‍മ്മാണഫാക്ടറിയില്‍ വെച്ചുപോലും മാസ്‌ക് ധരിക്കാന്‍ ട്രംപ് തയ്യാറായുമില്ല.

വിപണി തുറക്കുന്നത് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കില്ലേ എന്ന് അരിസോണയിലെ മാസ്‌ക് നിര്‍മ്മാണ ഫാക്ടറി സന്ദര്‍ശിക്കാനെത്തിയ ട്രംപിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുകയായിരുന്നു. ‘ഉണ്ടാകും, ചിലര്‍ മരിക്കാനും സാധ്യതയുണ്ട്. എന്നുകരുതി എല്ലാക്കാലത്തും ജനങ്ങള്‍ക്ക് വീടുകളിലും അപ്പാര്‍ട്ടുമെന്റുകളിലും അടച്ചിരിക്കാനാവില്ല. നമുക്ക് രാജ്യത്തെ വിപണി തുറക്കേണ്ടതുണ്ട്’ എന്നായിരുന്നു ട്രംപ് പറഞ്ഞത്.

നവംബറില്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങളെ ഇപ്പോള്‍ തന്നെ ഷട്ട്ഡൗണ്‍ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങളും കോവിഡ് രോഗവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അമേരിക്കയില്‍ നിന്നാണ് ഇതുവരെ എഴുപതിനായിരത്തിലേറെ അമേരിക്കക്കാര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇനിയും പതിനായിരങ്ങള്‍ക്ക് ജീവന്‍ നഷ്ടമാവുമെന്നാണ് മുന്നറിയിപ്പ്.

മെലാനിയ ട്രംപ് അടക്കമുള്ളവര്‍ മാസ്‌ക് ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുമ്പോഴും താന്‍ മാസ്‌ക് ധരിക്കില്ലെന്ന് ട്രംപ് ആവര്‍ത്തിച്ചു. മാസ്‌ക് നിര്‍മാണ ഫാക്ടറി സന്ദര്‍ശനത്തിനിടെ ട്രംപിന് നേരെ മാസ്‌ക് നീട്ടിയെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു.

മയോ ക്ലിനിക് ആശുപത്രിയില്‍ വൈസ് പ്രസിഡന്റ് മൈക് പെന്‍സ് മാസ്‌ക് ധരിക്കാതെ ഒരാഴ്ച്ച മുമ്പ് സന്ദര്‍ശനം നടത്തിയത് വിവാദമായിരുന്നു. പിന്നീട് മൈക്ക് പെന്‍സ് തനിക്ക് തെറ്റുപറ്റിയെന്നും താന്‍ മാസ്‌ക് ധരിക്കണമായിരുന്നുവെന്നും പറയുകയും ചെയ്തു. ഇടക്കിടക്ക് കോവിഡ് പരിശോധന നടത്തുന്നതിനാല്‍ ട്രംപ് ഭരണകൂടത്തിലെ ഉന്നതര്‍ മാസ്‌ക് ധരിച്ചില്ലെങ്കിലും കുഴപ്പമില്ലെന്നാണ് വൈറ്റ് ഹൗസ് നിലപാട്.