India

സൊമാറ്റോ സഹസ്ഥാപകൻ ഗൗരവ് ഗുപ്ത കമ്പനി വിട്ടു

പ്രമുഖ ഭക്ഷണവിതരണ ശൃംഖലയായ സൊമാറ്റോയുടെ സഹസ്ഥാപകൻ ഗൗരവ് ഗുപ്ത കമ്പനി വിട്ടു. കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സ്ഥാനത്തുനിന്നാണ് ഗൗരവ് പടിയിറങ്ങിയത്. കമ്പനി ഇ-ഗ്രോസറി വിതരണം നിർത്തിയതിനു പിന്നാലെയാണ് ഗൗരവിൻ്റെ നടപടി. ഇതിനു പിന്നാലെ കമ്പനിയുടെ ഓഹരിവില ഒരു ശതമാനം ഇടിഞ്ഞു. (Zomato Gaurav Gupta quits)

സൊമാറ്റോ സ്ഥാപകൻ ദീപേന്ദർ ഗോയാലുമായി നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് ഗൗരവ് കമ്പനി വിടാനുള്ള തീരുമാനം എടുത്തതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇ-ഗ്രോസറി വിതരണം ആരംഭിച്ചത് ഗൗരവിൻ്റെ ആശയമായിരുന്നു. കൊവിഡ് കാലം കണക്കിലെടുത്തായിരുന്നു പലചരക്ക് സാധനങ്ങൾ വിതരണം ചെയ്യാൻ സൊമാറ്റോ ആരംഭിച്ചത്. എന്നാൽ, ഇതിൽ നിന്ന് പ്രതീക്ഷിച്ചത്ര ലാഭമുണ്ടായില്ലെന്ന് മാത്രമല്ല, വലിയ നഷ്ടമുണ്ടാവുകയും ചെയ്തു. തുടർന്ന് സേവനം നിർത്താൻ സൊമാറ്റോ തീരുമാനിക്കുകയായിരുന്നു.