India National

‘രാഹുലിനെ പ്രധാനമന്ത്രിയായി കാണുക എന്നത് പിതാവിന്റെ സ്വപ്‌നം’; വൈ.എസ് ശർമിള കോൺഗ്രസിൽ ചേർന്നു

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ മകളും വൈഎസ്ആർ തെലങ്കാന പാർട്ടിയുടെ സ്ഥാപകയുമായ വൈ.എസ് ശർമിള കോൺഗ്രസിൽ ചേർന്നു. ഡൽഹിയിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ബൊക്കെ നൽകി സ്വീകരിച്ചു. വൈഎസ്ആർടിപിയെ കോൺഗ്രസിൽ ലയിപ്പിച്ചതായും ഷർമിള പ്രഖ്യാപിച്ചു. തന്നിൽ ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും നിറവേറ്റുമെന്നും അവർ കൂട്ടിച്ചേർത്തു.

രാജ്യത്തെ ഏക മതേതര ജനാധിപത്യ പാർട്ടിയാണ് കോൺഗ്രസ്. വൈഎസ്ആർ തെലങ്കാന പാർട്ടിയെ കോൺഗ്രസ് പാർട്ടിയിൽ ലയിപ്പിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. ഒന്നായി മുന്നോട്ട് പോകും. മണിപ്പൂരിൽ ക്രിസ്ത്യാനികൾക്ക് നേരെയുണ്ടായ ആക്രമണം വേദനിപ്പിച്ചു. ഒരു മതേതര പാർട്ടി അധികാരത്തിലിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു- ശർമിള പറഞ്ഞു.

രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി കാണുക എന്നത് തന്റെ പിതാവിന്റെ സ്വപ്‌നമാണെന്നും അതിലേക്ക് സംഭാവന ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും ശർമിള കൂട്ടിച്ചേർത്തു.ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ ഇളയ സഹോദരിയാണ് ശർമിള. തെലങ്കാനയിലെ കോൺഗ്രസ് വിജയത്തിന്റെ ഭാഗമായതിൽ സന്തോഷമുണ്ടെന്ന് ശർമിള പറഞ്ഞു. കെ ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ബിആർഎസിന്റെ അഴിമതിയും ജനവിരുദ്ധവുമായ ഭരണം അവസാനിപ്പിക്കാൻ തെലങ്കാനയിൽ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അവർ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.