India National

രാഹുല്‍ ഒഴിഞ്ഞിട്ടും, സോണിയ ചുമതലയേറ്റിട്ടും ഒരു വര്‍ഷം; ഇനിയും പുതിയ അധ്യക്ഷനെ കണ്ടെത്താനാകാതെ കോണ്‍ഗ്രസ്

കോൺഗ്രസിന്‍റെ ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി ചുമതലയേറ്റെടുത്ത് ഒരു വർഷം പൂര്‍ത്തിയായി. തെരഞ്ഞെടുപ്പിലൂടെ അടുത്ത അധ്യക്ഷനെ കണ്ടെത്തും വരെ സോണിയഗാന്ധി തുടരുമെന്നാണ് കോൺഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അധ്യക്ഷ പദത്തിലേക്ക് തിരികെ വരണമെന്ന ആവശ്യം ശക്തമാണെങ്കിലും രാഹുൽ ഗാന്ധി ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.

ലോക്‍സഭ തെരഞ്ഞെടുപ്പിലെ വലിയ തിരിച്ചടി. പാർട്ടിയിൽ ശക്തമായ മൂപ്പിളമ തർക്കം. ഇവക്കിടെ അധ്യക്ഷസ്ഥാനം ഒഴിഞ്ഞ് രാഹുൽ ഗാന്ധി മാറിനിന്നതോടെ മുങ്ങുന്ന കപ്പലായി മാറിയിരിക്കുകയാണ് കോൺഗ്രസ്. ഗത്യന്തരമില്ലാതെയാണ് മുതിർന്ന നേതാക്കളുടെ സമ്മർദ്ദഫലമായി 2019 ആഗസ്റ്റ് 10 ന് സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷ പദമേറ്റെടുത്തത്.

1998 മുതൽ 18 വർഷം കോൺഗ്രസിനെ നയിച്ച് അനാരോഗ്യം മൂലം മാറി നിന്ന 73 വയസുകാരി സോണിയ ഗാന്ധിക്ക് പുതിയ ചുമതല അധിക ഭാരമാണ്. ഇതുവരെ പുതിയ അധ്യക്ഷനെ കണ്ടെത്താൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല. അതിനാല്‍ സോണിയ ഗാന്ധിയുടെ ഇടക്കാല അധ്യക്ഷ പദവി നീട്ടാൻ പ്രവർത്തകസമിതി യോഗം ചേരാൻ ഇരിക്കുകയാണ് പാര്‍ട്ടി.

അധ്യക്ഷ പദത്തിലേക്ക് രാഹുൽഗാന്ധി മടങ്ങിവരണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഇത് മുതിർന്ന നേതാക്കളും യുവ നേതാക്കളും തമ്മിലെ പരസ്യവിമർശനത്തിലേക്ക് എത്തിയിരിക്കുകയാണ്. എന്നാൽ രാഹുൽ ഗാന്ധി വഴങ്ങിയിട്ടില്ല. ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാൾ അധ്യക്ഷ പദവിയിലേക്ക് വരട്ടെ എന്ന 2019 ജൂലൈയിലെ പ്രതികരണത്തിനു ശേഷം രാഹുൽ ഗാന്ധി ഇക്കാര്യത്തിൽ ചർച്ചയ്ക്ക് തയ്യാറായിട്ടില്ല.