ഇനിയൊരു യുദ്ധമുണ്ടാകുകയാണെങ്കില്‍ അത് ജലത്തിന്‍റെ പേരിലായിരിക്കുമെന്നാണ് പറയുന്നത്. കുടിവെള്ളം നമുക്കിന്ന് കുപ്പിവെള്ളമായി മാറിയിരിക്കുന്നു. കുടിവെള്ളം പണം കൊടുത്ത് വാങ്ങിക്കുടിക്കുന്നതിനെ കുറിച്ച് നമുക്ക് ആലോചിക്കാന്‍ പോലും കഴിയാത്ത ഒരു കാലമുണ്ടായിരുന്നു. ആ നമുക്കിന്ന് മിനറല്‍ വാട്ടര്‍ കുപ്പികള്‍ ജീവിതത്തിന്‍റെ ഭാഗമാണ്.
ജനസംഖ്യ വർധിക്കുന്നു, അതിനനുസരിച്ച് ഭൂമിയിൽ ജലം കുറയുകയും ചെയ്യുന്നു. അങ്ങനെ കുടിവെള്ളത്തിന് സ്വർണത്തേക്കാൾ വില വരുന്ന കാലത്തേക്കാണ് ലോകത്തിന്‍റെ യാത്ര പോലും. കുടിവെള്ള സ്രോതസ്സുകളെല്ലാം ദിനംപ്രതി മലിനമായിക്കൊണ്ടിരിക്കുന്നു. മഹാനദികളെല്ലാമിന്ന് മാലിന്യക്കൂമ്പാരങ്ങളാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലുമാണ് നിറഞ്ഞൊഴുകുന്നത്.
പലതുള്ളി പെരുവെള്ളമെന്നാണ് പഴഞ്ചൊല്ലുപോലും… സമ്പത്ത് കാലത്ത് തൈ പത്ത് വെച്ചാല്‍ ആപത്തു കാലത്ത് കാ പത്തു തിന്നാമെന്ന് മറ്റൊരു ചൊല്ലുകൂടിയുണ്ട്.. പക്ഷേ ജലസംരക്ഷണത്തിന്‍റെ കാര്യത്തില്‍ നമ്മളിതൊന്നും ഓര്‍ക്കാറുമില്ല… പ്രയോഗത്തില്‍ വരുത്താറുമില്ല. അതിന്‍റെ തെളിവാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ഭൂഗർഭ ജലം പകുതിയായി കുറഞ്ഞെന്ന ഭൂജല വകുപ്പിന്‍റെ വെളിപ്പെടുത്തല്‍.
കേരളം കൊടുംവരൾച്ചയിലേക്കാണെന്ന മുന്നറിയിപ്പാണ് ഭൂജല വകുപ്പ് നൽകിയത്. ഇനിയുള്ള രണ്ടര മാസക്കാലം പാലക്കാട്, കാസർകോട്, കോഴിക്കോട്, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളെ കാത്തിരിക്കുന്നത് വന്‍ വരള്‍ച്ചയാണെന്നതിന്‍റെ കൃത്യമായ സൂചനകളാണ് ഭൂജല വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് പ്രളയത്തില്‍ മുങ്ങിപ്പോയ ഒരു സംസ്ഥാനത്തിനാണ് ഈ അവസ്ഥ വരുന്നതെന്നും കൂടി ഓര്‍ക്കണം. വരള്‍ച്ച നമ്മെ പിടിച്ചുമുറുക്കുംമുമ്പ്, ഇനിയുള്ള ഓരോ തുള്ളി വെള്ളവും സംരക്ഷിക്കാന്‍ നമുക്ക് എന്താണ് ചെയ്യാന്‍ സാധിക്കുക…
ലോക ജലദിനമെന്ന നിർദ്ദേശം ആദ്യമായി ഉയർന്നുവന്നത് 1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡെവലപ്‍മെന്‍റിലാണ്. തുടർന്നാണ് യു.എൻ. ജനറൽ അസംബ്ലി 1993 മാർച്ച് 22 മുതൽ ഈ ദിനം ലോക ജലദിനമായി ആചരിക്കുന്നത്.
- ടാപ്പില്‍ നിന്ന് വെള്ളം നേരിട്ട് ഉപയോഗിക്കുന്നതിന് പകരം പാത്രങ്ങളില്‍ ശേഖരിച്ചുവെച്ച് ഉപയോഗിക്കുക.
- പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ടാപ്പിന് കീഴെ കാണിച്ച് നേരിട്ട് കഴുകാതെ പാത്രത്തില്‍ വെള്ളമെടുത്ത് കഴുകുക.
- ബാത്ത്‍റൂമുകളില്‍ ബാത്ത്‍ടബ്ബ്, ഷവര്‍ എന്നീ ശീലങ്ങളെ പാടെ ഒഴിവാക്കുക. പകരം ബക്കറ്റ്, കപ്പ് എന്ന പഴയ സമ്പ്രദായത്തിലേക്ക് തിരിച്ചുവരിക.
- വസ്ത്രങ്ങള്‍ അലക്കുമ്പോള്‍, പല്ല് തേക്കുമ്പോള്‍, ഷേവ് ചെയ്യുമ്പോള്‍ ഒന്നും അനാവശ്യമായി പൈപ്പ് തുറന്നിടുന്നില്ലെന്നും വെള്ളം പാഴാകുന്നില്ലെന്നും ഉറപ്പുവരുത്തുക.
- നിലം വെള്ളം ഒഴിച്ച് കളയുന്നതിന് പകരം ബക്കറ്റില്‍ വെള്ളമെടുത്ത് തുണി ഉപയോഗിച്ചാക്കുക.
- വാഹനങ്ങള്‍ കഴുകാന്‍ അത്യാവശ്യത്തിന് മാത്രം വെള്ളം ഉപയോഗിക്കുക
- ചോര്‍ച്ചയുള്ള പൈപ്പും ടാപ്പും മാറ്റി സ്ഥാപിക്കുക. നമ്മുടെ വീടുകളില്‍ തുള്ളിതുള്ളിയായോ അല്ലാതെയോ ഇത്തിരിവെള്ളം പോലും നഷ്ടപ്പെടുന്നില്ല എന്ന് ഉറപ്പു വരുത്തുക
- കുളിമുറിയില്‍ നിന്നുള്ള വെള്ളം കൃഷിക്കുപയോഗിക്കുക.
- ചെടികളും പച്ചക്കറികളും കഴിവതും മണ്ണില്‍ വെച്ച് പിടിപ്പിക്കുക.
- ചെടികള്‍ക്കും പച്ചക്കറി കൃഷിക്കും ആവശ്യമായ വെള്ളം വേരിലേക്ക് നേരിട്ട് നനച്ചു കൊടുക്കുക.
- ബാഷ്‍പീകരണം ഒഴിവാക്കാന്‍ ചെടികള്‍ക്കും കൃഷികള്‍ക്കും നനയ്ക്കുന്നത് രാവിലെയും വൈകീട്ടും മാത്രമാക്കുക.
- ജലസേചനത്തിന് ഡ്രിപ്പ്, സ്‍പ്രിഗ്‍ളര്‍ രീതികള്‍ ഉപയോഗിക്കുക.
- കിണറിന്‍റെ ജലലഭ്യതയ്ക്കനുസരിച്ചുള്ള പമ്പ് സ്ഥാപിക്കുക.
- ബാത്റൂമുകളില്‍ ഗുണനിലവാരമുള്ളതും ജല ഉപഭോഗ ക്ഷമത കൂടുതല്‍ ഉള്ളതുമായ ഫ്ലഷുകള്‍ ഉപയോഗിക്കുക.
- അനാവശ്യമായി ടോയ്‍ലറ്റ് ഫ്ലഷ് ഔട്ട് ചെയ്യരുതെന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ നിര്‍ദേശം നല്‍കുക. ഓരോ ഫ്ലഷ് ഔട്ടിലും നഷ്ടപ്പെടുന്നത് 8 മുതല്‍ 15 വരെയിലധികം ലിറ്റര്‍ വെള്ളമാണ് എന്ന് ഓര്‍ക്കുക.
- ഫ്ലാറ്റുകളില്‍ പല നിലകളിലായി ടാങ്ക് സ്ഥാപിച്ച് മഴവെളളം ശേഖരിച്ച് ഉപയോഗിക്കുക.
- മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് ജലസ്രോതസ്സുകള്‍ മലിനപ്പെടുത്താതിരിക്കുക.
- പൊതുടാപ്പുകളിലോ പൈപ്പുകളിലോ ചോര്‍ച്ച ഉണ്ടെങ്കില്‍ ഉടന്‍തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക.
- വീട്ടുമുറ്റത്ത് ലഭിക്കുന്ന മഴവെള്ളം റോഡിലേക്ക് ഒഴുക്കി വിടുന്നതിന് പകരം മണ്ണില്‍ താഴാന്‍ അനുവദിക്കുക.
- ഉപയോഗിക്കാത്ത കിണറുകളും കുളങ്ങളും മാലിന്യം നിക്ഷേപിക്കുന്ന കേന്ദ്രങ്ങള്‍ ആക്കാതെ അവ വൃത്തിയാക്കി ജലസംരക്ഷണ സംവിധാനങ്ങളാക്കി മാറ്റുക.