പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിനെതിരെയുള്ള പോക്‌സോ കേസിലെ ഇരയെ ആശുപത്രിയിൽ പൂട്ടിയിട്ട സംഭവത്തിൽ റിപ്പോർട്ട് തേടി വനിതാ കമ്മീഷൻ. ക്രൈംബ്രാഞ്ച് എഡിജിപിയോടാണ് വനിതാ കമ്മീഷൻ അന്വേഷണ റിപ്പോർട്ട് തേടിയത്. റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികളിലേക്ക് പോകുമെന്ന് വനിതാ കമ്മീഷൻ അറിയിച്ചു.
മോൻസൺ മാവുങ്കലിനെതിരെയുള്ള പോക്‌സോ കേസിൽ മൂന്ന് ഡോക്ടർമാർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. പോക്‌സോ കേസിലെ പരാതിക്കാരിയെ മുറിയിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കളമശ്ശേരി മെഡിക്കൽ കോളജിലെ ഒരു സീനിയർ ഡോക്ടർ ഉൾപ്പടെ മൂന്ന് ഡോക്ടർമാർക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.
നേരത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ മെഡിക്കൽ കോളജിനെ വെല്ലുവിളിച്ച് പരാതിക്കാരി രംഗത്തെത്തിയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് അധികൃതർ പറയുന്നതെല്ലാം കള്ളമാണെന്നും പെൺകുട്ടി ആരോപിച്ചു. ലേബർ റൂമിൽ പൂട്ടിയിട്ടുള്ള ചോദ്യംചെയ്യലായിരുന്നു നടന്നത്. പെൺകുട്ടിയെ അപമാനിക്കും വിധമായിരുന്നു മൂന്ന് വനിതാ ഡോക്ടർമാരുടെയും പെരുമാറ്റം.
വൈദ്യപരിശോധന വേണ്ടെന്നും മടങ്ങണമെന്നും പറഞ്ഞതോടെ മുറിയിൽ പൂട്ടിയിട്ടു. തുറക്കാൻ ശ്രമിച്ചപ്പോൾ കൈ ബലമായി തട്ടിമാറ്റി. ഒടുവിൽ ഒരുവിധം മുറി തുറന്ന് പുറത്തേക്ക് ഓടുകയായിരുന്നു. കാത്തുനിന്ന രണ്ട് വനിതാ പൊലീസുകാർക്കൊപ്പമാണ് പുറത്തെത്തിയത്. പുറകെ വന്ന ഡോക്ടർമാർ ആക്രോശിച്ചതോടെ സെക്യൂരിറ്റി ജീവനക്കാരും തടയാൻ ശ്രമിച്ചു എന്നും പരാതിക്കാരി ആരോപിച്ചു.