ഡൽഹിയിൽ വിവാഹം കഴിക്കാൻ വിസമ്മതിച്ച യുവാവിനെതിരെ ആസിഡ് ആക്രമണം നടത്തിയ യുവതി അറസ്റ്റിൽ. ജൂൺ 11 നായിരുന്നു സംഭവം. ദമ്പതികളെ അജ്ഞാതർ ആക്രമിച്ചുവെന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന് പോലീസ് ആശുപത്രിയിലെത്തിപ്പോൾ കണ്ടത് കയ്യിൽ ചെറിയ മുറിവുകളുള്ള യുവതിയെയും മുഖത്തും കഴുത്തിലും നെഞ്ചിലും മുറിവുകളുള്ള യുവാവിനെയായിരുന്നു.
സുഹൃത്തായ യുവതിയുമായി ബൈക്കിൽ യാത്ര ചെയ്തു കൊണ്ടിരിക്കെ ചിലയാളുകൾ തങ്ങളെ ആക്രമിച്ചുവെന്നായിരുന്നു യുവാവ് പൊലീസിന് ആദ്യം മൊഴി കൊടുത്തിരുന്നത്. അത് കൊണ്ട് തന്നെ അക്രമികളെ പറ്റി യാതൊരു തുമ്പുമില്ലാതെയിരിക്കുകയായിരുന്നു പോലീസ്. എന്നാൽ കൂടുതൽ ചോദ്യം ചെയ്യലിൽ യുവതി തന്നോട് ഹെൽമറ്റ് മാറ്റാൻ ആവശ്യപ്പെട്ടിരുന്നുവെന്ന് യുവാവ് വെളിപ്പെടുത്തി. തുടർന്ന് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ യുവതി കുറ്റം ഏറ്റു പറയുകയായിരുന്നുവന്നു പോലീസ് പറഞ്ഞു. മുഖം കാണുന്നില്ല, അതിനാൽ ഹെൽമെറ്റ് ഊരാന്‍ ആവശ്യപ്പെട്ട യുവതി, യുവാവ് ഹെൽമറ്റ് മാറ്റിയ ഉടനെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു.
“കഴിഞ്ഞ മൂന്നു വർഷമായി പ്രണയത്തിലായിരുന്ന ഇരുവരും. പക്ഷെ ഈയിടെ ബന്ധം അവസാനിപ്പിക്കാമെന്നു യുവാവ് പറഞ്ഞതോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. വിവാഹം കഴിക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിന്ന യുവതി ഒടുവിൽ ഇത്തരമൊരു കടും കൈ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു ” ഡൽഹി ഡെപ്യൂട്ടി കമ്മീഷണറായ മോണിക്ക ഭരദ്വാജ് ന്യൂസ് ഏജൻസിയായ ഐ.എ.എൻ.എസ്സിനോട് പറഞ്ഞു.