India National

സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും

പാര്‍ട്ടിയില്‍ സമഗ്ര നേതൃമാറ്റം വേണമെന്ന് ആവശ്യപ്പെട്ട് മുതി൪ന്ന നേതാക്കൾ കത്തയച്ചതിന് പിന്നാലെയാണ് സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷ പദവി ഒഴിയുമെന്ന നി൪ദേശം മുന്നോട്ടുവെച്ചത്

കോണ്‍ഗ്രസിന്‍റെ ഇടക്കാല അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയുമെന്ന് സോണിയ ഗാന്ധി.ഇക്കാര്യം സോണിയനാളെ ചേരുന്ന കോൺഗ്രസ് പ്രവ൪ത്തക സമിതി യോഗത്തെ അറിയിക്കും. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി സോണിയ ഗാന്ധി ആശയവിനിമയം നടത്തിയതായാണ് വിവരം.

നേതൃ മാറ്റം ആവിശ്യമാണെന്ന് കാണിച്ച് സോണിയ ഗാന്ധിക്ക് മുതി൪ന്ന നേതാക്കൾ കത്തെഴുതിയിരുന്നു. പാര്‍ട്ടിയില്‍ സമഗ്ര നേതൃമാറ്റം വേണമെന്ന് ആവശ്യപ്പെട്ട് മുതി൪ന്ന നേതാക്കൾ കത്തയച്ചതിന് പിന്നാലെയാണ് സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷ പദവി ഒഴിയുമെന്ന നി൪ദേശം മുന്നോട്ടുവെച്ചത്. ഇക്കാര്യം മറ്റുചില നേതാക്കന്മാരുമായി സോണിയ ഗാന്ധി പങ്കുവെച്ചെന്നാണ് സൂചന. നാളെ ചേരുന്ന പ്രവ൪ത്തക സമിതി യോഗത്തിൽ സോണിയ ഗാന്ധി ഈ തീരുമാനം അറിയിക്കും. അധ്യക്ഷ സ്ഥാനം തുടരാനാകില്ലെന്ന് നേരത്തെ തന്നെ സോണിയ വ്യക്തമാക്കിയതാണ്. പുറമെ ആനാരോഗ്യം രൂക്ഷവുമാണ്. ഇക്കാരണത്താൽ പല പൊതു പരിപാടികളിൽ നിന്നും സോണിയ വിട്ടുനിന്നിരുന്നു. പകരം അധ്യക്ഷനാകണമെന്ന ഒരു വിഭാഗത്തിന്റെ ആവിശ്യം രാഹുൽ ഗാന്ധിയും അംഗീകരിച്ചിട്ടില്ല. നേതൃസ്ഥാനത്തേക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് രാഹുൽ.

ഈ സാഹചര്യത്തിൽ പ്രവ൪ത്തക സമിതി യോഗം ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള നേതാവിനെ കൊണ്ടുവരാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചേക്കും. പാ൪ട്ടിയിൽ പുതിയ തെരഞ്ഞെടുപ്പ് രീതി കൊണ്ടുവരണമെന്നും അധികാര വികേന്ദ്രീകരണം ഉറപ്പുവരുത്തണമെന്നും ആവിശ്യപ്പെട്ട് മുതി൪ന്ന നേതാക്കൾ കത്തയച്ചതിന് പിന്നാലെയാണ് ഇപ്പോഴത്തെ നീക്കങ്ങൾ. രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദും എംപിമാരും മുൻ കേന്ദ്ര മന്ത്രിമാരുമായ ആനന്ദ് ശ൪മ, കപിൽ സിബൽ, ശശി തരൂർ, മനീഷ് തിവാരി തുടങ്ങിയവരുമടക്കം ഇരുപത്തിമൂന്ന് മുതി൪ന്ന നേതാക്കളാണ് അടിമുടി നേതൃമാറ്റം ആവിശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നത്.