India National

തിഹാർ ജയിലിൽ കഴിയുന്ന ചിദംബരത്തെയും ശിവകുമാറിനെയും സോണിയയും മന്‍മോഹന്‍ സിംഗും സന്ദര്‍ശിച്ചു

ഐ.എന്‍.എക്സ് മീഡിയ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന പി. ചിദംബരത്തെ കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങും സന്ദർശിച്ചു. കള്ളപ്പണ കേസിൽ തിഹാറിൽ കഴിയുന്ന കർണാടക നേതാവ് ഡി.കെ ശിവകുമാറിനെയും കണ്ടു. ഇരുവർക്കും നേതാക്കൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ഐ.എന്‍.എക്സ് മീഡിയ കേസിൽ സെപ്തംബർ 5 മുതൽ തിഹാർ ജയിലിലാണ് മുൻ കേന്ദ്രമന്ത്രി പി. ചിദംബരം. സെപ്തംബർ 19 മുതൽ കള്ളപ്പണ കേസിൽ കർണാടക നേതാവ് ഡി.കെ ശിവകുമാറും തീഹാർ ജയിലിലാണ്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദ്ദേശപ്രകാരം ജയിലിൽ സന്ദർശനത്തിനെത്തിയ മുതിർന്ന നേതാക്കളെ ജയിലധികൃതർ പലതവണ മടക്കി അയച്ചിരുന്നു.

ഇതിന് പിന്നാലെയാണ് സോണിയാ ഗാന്ധിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും നേരിട്ട് തീഹാർ ജയിലിൽ എത്തിയത്. ഇരുവരും ചിദംബരത്തെയും ശിവകുമാറിനെയും സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചു. കേന്ദ്ര സർക്കാർ കോൺഗ്രസ് നേതാക്കളെ രാഷ്ട്രീയമായി വേട്ടയാടുന്നു എന്ന കോൺഗ്രസ് നിലപാട് ഉയർത്തിക്കാണിക്കുക കൂടി ലക്ഷ്യം വെച്ചാണ് സന്ദർശനം. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരവും ഒപ്പം ഉണ്ടായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും മോദി സർക്കാരിന്റെ രാഷ്ട്രീയ വേട്ടയാടൽ കോൺഗ്രസ് മുഖ്യവിഷയമായി ഉന്നയിക്കും.