കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് ശിരോമണി അകാലിദള്‍ പിന്‍വാങ്ങിയതിന് പിന്നാലെ ജെ.ജെ. പിയും എന്‍.ഡി.എ വിടാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍
വിവാദ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ ഉത്തരേന്ത്യയില്‍ പ്രതിഷേധം കനത്തു. പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ സമര രംഗത്താണ്. പഞ്ചാബില്‍ 24 മുതല്‍ കര്‍ഷകര്‍ ട്രയിന്‍ തടയും. കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് ശിരോമണി അകാലിദള്‍ പിന്‍വാങ്ങിയതിന് പിന്നാലെ ജെ.ജെ. പിയും എന്‍.ഡി.എ വിടാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ജൂണ്‍ അഞ്ച് മുതല്‍ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ ഹരിയാനയിലെയും പഞ്ചാപിലെയും കര്‍ഷകര്‍ സമരത്തിലാണ്. മൂന്ന് ഓര്‍ഡിനന്‍സുകളില്‍ ഒന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ പാസ്സാക്കിയതോടെ സമരം കൂടുതല്‍ ശക്തമാകുകയാണ്. വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ ഓര്‍ഡിനന്‍സിനെതിരെ രംഗത്ത് വന്നെങ്കിലും സമരത്തിന് ഇപ്പോഴും കൃത്യമായ നേതൃത്വമില്ല. 24ന് പഞ്ചാബില്‍ ട്രയിന്‍ തടയുമെന്ന് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചു.
കര്‍ഷക രോഷം തണുപ്പിക്കുന്നതിന് വേണ്ടിയാണ് ആകാലിദള്‍ മന്ത്രി ഹര്‍സിമ്രത്ത് കൌര്‍ കേന്ദ്ര മന്ത്രി സഭയില്‍ നിന്ന് രാജി വെച്ചത്. സമാനമായ ആവശ്യമാണ് ഹരിയാന ഉപമുഖ്യമന്ത്രിയും ജെ.ജെ.പി നേതാവുമായ ദുഷ്യന്ത് ചൌട്ടാലയും നേരിടുന്നത്. പാര്‍ട്ടിയിലെ പത്ത് എം.എല്‍.എമാരില്‍ രണ്ട് പേര് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്ത് വന്നു. കര്‍ഷകര്‍ക്കിടയില്‍ സ്വാധീനമുള്ള പാര്‍ട്ടി എന്ന നിലയില്‍ ജെ ജെ പിക്ക് പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനാവില്ല. കര്‍ഷക സമരം അടിച്ചമര്‍ത്തുകയാണ് ഹരിയാനയില്‍ മനോഹര്‍ ലാല്‍ ഖട്ടാര്‍ സര്‍ക്കാര്‍. ഇത് പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. മഹാരാഷ്ട്ര,രാജസ്ഥാന്, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, തമിഴ് നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും സമരം ശക്തമാകുകയാണ്.