India National

വരാണസിയില്‍ മോദിക്കെതിരെ മത്സരിക്കാന്‍ ആര്?

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വരാണസിയില്‍ കോണ്‍ഗ്രസും എസ്പി – ബിഎസ്പി സഖ്യവും സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഭീം ആര്‍മി നേതാവായ ചന്ദ്രശേഖര്‍ ആസാദ് എന്ന രാവണ്‍ മോദിക്കെതിരെ രംഗത്തിറങ്ങുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഒറ്റക്ക് മല്‍സരിച്ചാല്‍ അദ്ദേഹം എവിടെയുമെത്തില്ല. മഹാസഖ്യവും കോണ്‍ഗ്രസും ആം ആദ്മിയും പിന്തുണച്ചെങ്കിലേ ഏതു സ്ഥാനാര്‍ഥിക്കും ബി.ജെ.പിയുടെ ഈ തട്ടകത്തില്‍ പോരാട്ടമെങ്കിലും നടത്താനാവൂ.

വരാണസിയില്‍ മോദിക്കെതിരെ മല്‍സരിക്കാന്‍ ചന്ദ്രശേഖര്‍ രാവണ്‍, ഹാര്‍ദ്ദിക് പട്ടേല്‍ മുതലായവരുടെ പേരുകളാണ് പറഞ്ഞു കേള്‍ക്കുന്നത്. മഹാസഖ്യവും കോണ്‍ഗ്രസും സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നില്ലെങ്കില്‍, തരംഗമില്ലെങ്കിലും മണ്ഡലത്തില്‍ മോദി നിഷ്പ്രയാസം ജയിച്ചു കയറും. ചന്ദ്രശേഖറിനെ കോണ്‍ഗ്രസ് പിന്തുണക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും അത് വരാണസിയുടെ കാര്യത്തിലാണോ എന്നത് വ്യക്തമല്ല. ഇദ്ദേഹം ഒരു സാഹചര്യത്തിലും മോദിക്കെതിരെ മികച്ച സ്ഥാനാര്‍ഥി ആവാനിടയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ബി.എസ്.പി വോട്ടുബാങ്കിലേക്ക് സമീപകാലത്ത് നടന്ന ഏറ്റവും വലിയ കടന്നു കയറ്റം ഭീം ആര്‍മിയുടേതായതു കൊണ്ട് മായാവതി ചന്ദ്രശേഖറിനെ അംഗീകരിക്കാനുമിടയില്ല. കോണ്‍ഗ്രസ്, സമാജ്‌വാദി, ബി.എസ്.പി എന്നീ സംഘടനകള്‍ പരമദയനീയമായ പ്രകടനമായിരുന്നു കഴിഞ്ഞ തവണ കാഴ്ച വെച്ചത്. ആം ആദ്മി ഒഴികെ എല്ലാവരുടെയും വോട്ടുകള്‍ ഒരു ലക്ഷത്തില്‍ താഴെയായി ചുരുങ്ങി. ഇത്തവണ പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ പിന്തുണക്കാമെന്ന നിലപാടിലാണ് ആം ആദ്മി പാര്‍ട്ടി.