കോവിഡ് വാക്സീന്‍ വന്നശേഷം പൗരത്വനിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോവിഡ് മൂലം നടപടികള്‍ നീണ്ടുപോയതിനാല്‍ നിയമത്തിന്റെ ചട്ടങ്ങള്‍ പൂര്‍ണമായിട്ടില്ല. ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാന്‍ ബംഗാള്‍ ജനത ആഗ്രഹിക്കുന്നതായും കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. അവസരം നല്‍കിയാല്‍ അഞ്ചുവര്‍ഷം കൊണ്ടു സുവര്‍ണബംഗാള്‍ കെട്ടിപ്പടുക്കുമെന്നും ഷാ പറഞ്ഞു.
തിരഞ്ഞെടുപ്പിന് മൂന്നുമാസം ബാക്കിനില്‍ക്കെയാണ് ബംഗ്ളാദേശ് നുഴഞ്ഞുകയറ്റവും പൗരത്വവിഷയവും ബി.ജെ.പി സജീവമാക്കുന്നത്.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ശനിയാഴ്ചയാണ് അമിത് ഷാ ബംഗാളിലെത്തിയത്. പ്രമുഖ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ശുഭേന്ദു അധികാരിയടക്കം 10 എം.എല്‍.എ.മാരും ഒരു എം.പി.യും അമിത് ഷാ ശനിയാഴ്ച പങ്കെടുത്ത റാലിയില്‍ ബി.ജെ.പി.യില്‍ ചേര്‍ന്നിരുന്നു. എല്ലാ മാസവും അമിത് ഷാ ബംഗാളിലെത്തുമെന്ന് പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു. 2021 നിയമസഭാ തിരഞ്ഞെടുപ്പ് വരെ ഒരു പക്ഷേ മാസത്തില്‍ ഏഴു ദിവസം വരെ അമിത് ഷാ ബംഗാളില്‍ തങ്ങിയേക്കുമെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കിയത്.