India National

കണ്ടറിയണം ബംഗാളിനെന്ത് സംഭവിക്കുമെന്ന്

പശ്ചിമ ബംഗാളില്‍ ഭരണത്തുടര്‍ച്ച ഉറപ്പെന്ന് 10 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും വോട്ട് ഷെയര്‍ കുറഞ്ഞ് കനത്ത തിരിച്ചടി ഏറ്റുവാങ്ങുന്ന സിപിഎമ്മും കോണ്‍ഗ്രസും. 200ലധികം സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് അവകാശപ്പെടുന്ന ബിജെപി. ഈ വര്‍ഷം നടക്കുന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് രാജ്യം തന്നെ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാകാന്‍ കാരണങ്ങള്‍ ഏറെയുണ്ട്.

കണ്ടറിയണം ബംഗാളിനെന്ത് സംഭവിക്കുമെന്ന്

സ്വാതന്ത്ര്യാനന്തരം അടിയന്തരാവസ്ഥ വരെ കോണ്‍ഗ്രസിനായിരുന്നു ബംഗാളില്‍ മേല്‍ക്കൈ. 1977ല്‍ അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ 34 വര്‍ഷം ബംഗാള്‍ ഭരിച്ചു. മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസാണ് ഇടത് സര്‍ക്കാരിനെ താഴെയിറക്കിയത്. കോണ്‍ഗ്രസില്‍ നിന്നും ഇറങ്ങിപ്പോയി 1998ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിച്ച മമത, ആദ്യ കാലത്ത് കോണ്‍ഗ്രസും ബിജെപിയുമായി മാറിമാറി സഖ്യമുണ്ടാക്കി, കേന്ദ്രമന്ത്രിയായി. മമതയുടെ രാഷ്ട്രീയ ജീവിതത്തില്‍ വഴിത്തിരിവായത് കര്‍ഷകരെ കുടിയൊഴിപ്പിക്കുന്നതിനെതിരായ സിംഗൂരിലെയും നന്ദിഗ്രാമിലെയും പ്രക്ഷോഭങ്ങളാണ്.

കണ്ടറിയണം ബംഗാളിനെന്ത് സംഭവിക്കുമെന്ന്

2007ല്‍ നന്ദിഗ്രാമിലുണ്ടായ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത് 14 പേര്‍. സിപിഎമ്മിന്‍റെ തകര്‍ച്ച തുടങ്ങുന്നതും അവിടെ നിന്നാണ്. 2011ലും 2016ലും മമത സര്‍ക്കാര്‍ ബംഗാളില്‍ ഉജ്വല വിജയം നേടി. സിംഗൂര്‍, നന്ദിഗ്രാം പ്രക്ഷോഭങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്ന സുവേന്ദു അധികാരി തൃണമൂല്‍ വിട്ട് ബിജെപിയിലെത്തി, അന്ന് കര്‍ഷകര്‍ക്കെതിരായ പൊലീസ് ആക്ഷന് നേതൃത്വം നല്‍കിയ ഐപിഎസ് ഓഫീസര്‍ സത്യജിത്ത് ബന്ദോപാധ്യായ വിരമിച്ച ശേഷം തൃണമൂല്‍ കോണ്‍ഗ്രസിലെത്തി എന്നൊരു ആന്‍റി ക്ലൈമാക്സ് കൂടി സിംഗൂര്‍, നന്ദിഗ്രാം സംഭവങ്ങള്‍ക്ക്.

കണ്ടറിയണം ബംഗാളിനെന്ത് സംഭവിക്കുമെന്ന്

ബിജെപി അടുത്ത കാലം വരെ ബംഗാളിലെ തെരഞ്ഞെടുപ്പ് ചിത്രത്തിലുണ്ടായിരുന്നില്ല. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിയാതിരുന്ന ബിജെപി, 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പായപ്പോഴേക്കും വോട്ട് ശതമാനം 40.3 ആയി ഉയര്‍ത്തി. ആകെയുള്ള 42 സീറ്റുകളില്‍ 18 സീറ്റുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഈ ആത്മവിശ്വാസവുമായാണ് അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെപി ബംഗാളില്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. 294ല്‍ 200ല്‍ അധികം സീറ്റുകളില്‍ വിജയിച്ച് ബംഗാളിനെ സുവര്‍ണ ബംഗാളാക്കുമെന്നാണ് വാഗ്ദാനം. വര്‍ഗീയ ധ്രുവീകരണം, ഭരണപക്ഷത്തെ എംഎല്‍എമാരെ സ്വന്തം പാളയത്തിലെത്തിക്കല്‍ തുടങ്ങിയ പതിവ് തന്ത്രങ്ങളാണ് ബിജെപി ബംഗാളില്‍ പയറ്റുന്നത്. മമത ന്യൂനപക്ഷങ്ങളുടെ മാത്രം മുഖ്യമന്ത്രിയാണ്, മമത ബംഗാളിനെ ബംഗ്ലാദേശാക്കുന്നു എന്നെല്ലാമാണ് പ്രചാരണം. ഒരു കോടി നുഴഞ്ഞുകയറ്റക്കാരെ ബംഗാളില്‍ നിന്ന് പുറത്താക്കുമെന്ന് 2019ല്‍ പ്രഖ്യാപിച്ച ബിജെപി, ഇപ്പോള്‍ പറയുന്നത് കോവിഡ് വാക്സിനേഷന് ശേഷം സിഎഎ നടപ്പാക്കും എന്നാണ്. ഇപ്പോള്‍ സിഎഎ നടപ്പാക്കുന്നത് അസം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ എന്ന ഭയം ബിജെപിക്കുണ്ട്.

കണ്ടറിയണം ബംഗാളിനെന്ത് സംഭവിക്കുമെന്ന്

സ്വാമി വിവേകാനന്ദനെയും ബങ്കിംചന്ദ്ര ചാറ്റര്‍ജിയെയുമെല്ലാം ബിജെപി പോസ്റ്ററുകളില്‍ സ്വന്തമാക്കിയപോലെ ബംഗാളിന്‍റെ അഭിമാനമായ ടാഗോറിനെ സ്വന്തമാക്കാനും ശ്രമിക്കുന്നുണ്ട്. വിശ്വഭാരതിയുടെ നൂറാം വാര്‍ഷികത്തില്‍ ബംഗാള്‍ മുഖ്യമന്ത്രിയെ ക്ഷണിക്കാതെ കേന്ദ്രസര്‍ക്കാര്‍ പരിപാടി സംഘടിപ്പിച്ചു. ആത്മനിര്‍ഭര്‍ ഭാരതും ടാഗോറിന്‍റെ ആശയധാരയും സമാനമാണെന്നാണ് മോദി അവകാശപ്പെട്ടത്. എന്നാല്‍ ടാഗോറിന്‍റെ നാട് മതേതരത്വം അടിയറ വെയ്ക്കാനോ വിദ്വേഷത്തിന്‍റെ രാഷ്ട്രീയത്തെ വിജയിപ്പിക്കാനോ തയ്യാറാകില്ലെന്ന് മമത തിരിച്ചടിച്ചു. ബംഗാളിനെ കുറിച്ചോ ബംഗാളി സംസ്കാരത്തെ കുറിച്ചോ അറിയാത്ത പുറത്തുള്ളവര്‍ എന്ന നറേറ്റീവ് കൊണ്ടാണ് മമത ബിജെപിയെ നേരിടുന്നത്.

കണ്ടറിയണം ബംഗാളിനെന്ത് സംഭവിക്കുമെന്ന്

കഴിഞ്ഞ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിലെ വോട്ട് ഷെയര്‍ പരിശോധിച്ചാല്‍ ടിഎംസിക്ക് കാര്യമായ തിരിച്ചടി ഉണ്ടായിട്ടില്ലെന്ന് കാണാം. ഇടതുപക്ഷത്തിന്‍റെയും കോണ്‍ഗ്രസിന്‍റെയും വോട്ട് ഷെയറാണ് ഗണ്യമായി കുറഞ്ഞത്. സ്ഥിരമായി ഇടത് മുന്നണിക്ക് വോട്ട് ചെയ്തുകൊണ്ടിരുന്നവരില്‍ വലിയൊരു വിഭാഗം ബിജെപിക്ക് വോട്ട് ചെയ്തു എന്നാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ് ശതമാനം പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്. ഇടതുപക്ഷത്തിന്‍റെ തളര്‍ച്ചയും ബിജെപിയുടെ വളര്‍ച്ചയും ബംഗാളില്‍ സമാന്തരമായാണ് സംഭവിച്ചത്.

കണ്ടറിയണം ബംഗാളിനെന്ത് സംഭവിക്കുമെന്ന്

പൌരത്വ രജിസ്റ്ററും പൌരത്വ ഭേദഗതി നിയമവും ബംഗാളില്‍ നടപ്പാക്കില്ല എന്ന് പറഞ്ഞ് പ്രത്യക്ഷ സമരത്തിനിറങ്ങിയ മമതയ്ക്കൊപ്പം തന്നെയാവും ബംഗാളിലെ ന്യൂനപക്ഷങ്ങള്‍ നിലകൊള്ളുക എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ബംഗാളില്‍ ആകെ ജനസംഖ്യയുടെ 30 ശതമാനത്തോളം ന്യൂനപക്ഷമാണ്. അതേസമയം അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎം ബംഗാളില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഫുര്‍ഫുറ ശരീഫിലെ മതപണ്ഡിതന്‍ അബ്ബാസ് സിദ്ദിഖിയുമായുള്ള അദ്ദേഹത്തിന്‍റെ കൂടിക്കാഴ്ചക്ക് ഏറെ പ്രാധാന്യമുണ്ട്. ഉവൈസിയുടെ വരവ് ന്യൂനപക്ഷ വോട്ടുകളില്‍ വിള്ളല്‍ വീഴുമോ എന്ന ആശങ്ക ടിഎംസി നേതാക്കള്‍ക്കുണ്ട്.

കണ്ടറിയണം ബംഗാളിനെന്ത് സംഭവിക്കുമെന്ന്

എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏഴ് മണ്ഡലങ്ങളില്‍ ബിജെപിയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ച ബിമല്‍ ഗുരുങിന്‍റെ ഗോര്‍ഖ ജനമുക്തി മോര്‍ച്ച എന്‍ഡിഎ വിട്ട് തൃണമൂലിന് പിന്തുണ പ്രഖ്യാപിച്ചത് അനുകൂലമാകുമെന്നാണ് ടിഎംസിയുടെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് വിദഗ്ധനും തൃണമൂലിന്‍റെ കാമ്പെയിന്‍ മാനേജറുമായ പ്രശാന്ത് കിഷോര്‍ പറയുന്നത് ബിജെപി രണ്ടക്കത്തിനപ്പുറം കടക്കില്ലെന്നാണ്. ബിജെപി 30 സീറ്റുകള്‍ പോലും നേടില്ലെന്നാണ് മമതയുടെ പ്രതികരണം. കുറച്ച് എംഎല്‍എമാരെ വിലയ്ക്ക് വാങ്ങാന്‍ കഴിഞ്ഞേക്കും, പക്ഷേ ടിഎംസിയെ വാങ്ങാന്‍ കഴിയില്ലെന്നും മമത ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

കണ്ടറിയണം ബംഗാളിനെന്ത് സംഭവിക്കുമെന്ന്

ഭരണവിരുദ്ധ വികാരവും അക്രമ രാഷ്ട്രീയവും മമതയ്ക്ക് തിരിച്ചടിയാകുമോ എന്നാണ് ഇനി അറിയാനുള്ളത്. ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2019ല്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിട്ടുള്ളത് ബംഗാളിലാണ്. അഞ്ച് വര്‍ഷത്തിനിടെ തങ്ങളുടെ 107 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന് ബിജെപി. 1998 മുതല്‍ 1000 ടിഎംസി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന് തൃണമൂല്‍. 9 വര്‍ഷത്തിനിടെ 250 പ്രവര്‍ത്തകര്‍ രാഷ്ട്രീയകൊലയ്ക്ക് ഇരയായെന്ന് സിപിഎം. ബംഗാളില്‍ അക്രമ രാഷ്ട്രീയമുണ്ട് എന്നതില്‍ ഇവര്‍ക്കാര്‍ക്കും തര്‍ക്കമില്ല. പക്ഷേ ഉത്തരവാദിത്വം ഏറ്റെടുക്കാനോ തിരുത്താനോ ആരും തയ്യാറാകുന്നില്ല. 2018ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മൂന്നില്‍ ഒന്ന് സീറ്റുകളില്‍ ടിഎംസിക്ക് എതിരാളികളില്ലായിരുന്നു. പലയിടത്തും നാമനിര്‍ദേശം നല്‍കാന്‍ പോലും കഴിയാത്ത വിധം ടിഎംസി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടെന്നാണ് പ്രതിപക്ഷത്തിന്‍റെ വിമര്‍ശനം.

കണ്ടറിയണം ബംഗാളിനെന്ത് സംഭവിക്കുമെന്ന്

അടുത്ത കാലത്ത് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ വാഹനം ആക്രമിക്കപ്പെട്ടത് കേന്ദ്ര സര്‍ക്കാര്‍ ദേശീയതലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. ബംഗാളില്‍ ക്രമസമാധാനം തകര്‍ന്നെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഐപിഎസ് ഉദ്യോഗസ്ഥരെ കേന്ദ്രം തിരിച്ചുവിളിച്ചപ്പോള്‍ പറ്റില്ലെന്ന് മമത മറുപടി നല്‍കി. മുന്‍പ് കൊല്‍ക്കത്ത പൊലീസ് കമ്മീഷണറെ അറസ്റ്റ് ചെയ്യാന്‍ വന്ന സിബിഐ ഉദ്യോഗസ്ഥരെ, നേരിട്ടെത്തി സത്യഗ്രഹമിരുന്ന് തടഞ്ഞ ചരിത്രവും മമതക്കുണ്ട്. പ്രകൃതി ദുരന്തങ്ങളിലെ ഇരകള്‍ക്ക് സാമ്പത്തിക സഹായം ലഭിച്ചില്ലെന്നും ഫണ്ടില്‍ വലിയൊരു പങ്ക് പ്രദേശിക തലത്തില്‍ ടിഎംസി നേതാക്കള്‍ തട്ടിയെടുത്തെന്നും ആരോപണം ഉയര്‍ന്നു. പല പഞ്ചായത്തുകളും ജനങ്ങള്‍ ഉപരോധിച്ചു. പൊതുതാല്‍പര്യ ഹരജി പരിഗണിച്ച കല്‍ക്കത്ത ഹൈക്കോടതി, കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറലിനോട് ഓഡിറ്റ് ചെയ്യാന്‍ ഉത്തരവിട്ടു. ഇതെല്ലാം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

കണ്ടറിയണം ബംഗാളിനെന്ത് സംഭവിക്കുമെന്ന്

വിഭജനത്തിന്‍റെ മുറിവും വര്‍ഗീയ കലാപങ്ങളും അതിജീവനവുമെല്ലാം ബംഗാളിനെ മതേതര സമൂഹമായി നിലനില്‍ക്കാനാണ് ഇക്കാലമത്രയും പ്രേരിപ്പിച്ചത്. ബിജെപിയെ സംബന്ധിച്ച് ബംഗാള്‍ പിടിച്ചാല്‍, ബിജെപിയെ സ്ഥിരമായി അകറ്റിനിര്‍ത്തുന്ന സംസ്ഥാനങ്ങളില്‍ വേഗത്തില്‍ വേര് പടര്‍ത്താന്‍ കഴിയുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. പൌരത്വ നിയമത്തിന്‍റെ ഹിതപരിശോധന ആയും അവര്‍ ഈ തെരഞ്ഞെടുപ്പിനെ കാണുന്നു. ബംഗാളില്‍ വിജയിച്ചാല്‍ സിഎഎ നടപ്പാക്കുന്നതിന് വേഗം കൂടും. സിപിഎമ്മിനും കോണ്‍ഗ്രസിനും ഇത് നഷ്ടപ്രഭാവം വീണ്ടെടുക്കാനുള്ള അഭിമാന പോരാട്ടമാണ്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നും അത് ബിജെപിക്ക് അനുകൂലമായിത്തീരാതിരിക്കാനാണ് ശ്രമമെന്നുമാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്. ടിഎംസിക്കും ബിജെപിക്കും ബദലാകുമെന്നാണ് അവകാശപ്പെടുന്നതെങ്കിലും സഖ്യത്തിന് വ്യക്തമായ നയ പരിപാടികളില്ല എന്നതാണ് ദൌര്‍ബല്യം. മമതയ്ക്കാകട്ടെ സ്വന്തം സര്‍ക്കാരിന്‍റെയും കേന്ദ്രസര്‍ക്കാരിനെതിരായ സന്ധിയില്ലാ സമരത്തിന്‍റെയും വിലയിരുത്തലാണ് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ്.