കേന്ദ്രബജറ്റ് അവതരണത്തിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ബജറ്റിനെക്കുറിച്ചുള്ള പ്രതീക്ഷകളും കണക്കുകൂട്ടലുകളും വിപണി തകൃതിയായി നടത്തി വരികയാണ്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോകമെമ്പാടും ടെക്നോളജിയുടെ ഡിമാന്റ് വര്‍ധിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ ഇത്തവണ ടെക് മേഖലയുടെ വികസനത്തിനായി നികുതി ഇളവ് ഉള്‍പ്പെടെയുള്ള കൈത്താങ്ങ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നാണ് ടെക് കമ്പനികളുടെ പ്രതീക്ഷ.
ചൈന, തായ്ലന്ഡ് മുതലായ രാജ്യങ്ങളോട് കിടപിടിക്കും വിധത്തില്‍ രാജ്യത്തിന്റെ ടെക് മേഖലയെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ആലോചന ദീര്‍ഘകാലമായി നടന്നുവരികയായിരുന്നു. ഇതിന്റെ ഭാഗമായി മേക്ക് ഇന്‍ ഇന്ത്യ, പിഎല്‍ഐ സ്കീം എന്നിവയും നടപ്പിലാക്കപ്പെട്ടിരുന്നു. അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി ചുങ്കത്തില്‍ ഇളവുവരുത്തുന്ന പ്രഖ്യാപനങ്ങള്‍ ഈ ബജറ്റില്‍ ഉണ്ടാകുമെന്നാണ് ടെക് കമ്പനികളുടെ പ്രതീക്ഷ.
ഇറക്കുമതി ചുങ്കത്തില്‍ കുറവ് വരുത്തിയാല്‍ മാത്രമേ സര്‍ക്കാരും ജനങ്ങളും ആഗ്രഹിക്കുന്ന വിധത്തില്‍ രാജ്യത്ത് ടെക്നോളജി മേഖലയില്‍ കുതിപ്പുണ്ടാകുകയുള്ളൂവെന്നാണ് കമ്പനികളുടെ വാദം. ഹോം അപ്ലയന്‍സസ്, ഇലക്ടോണിക്സ്, ഗേമിംഗ് ഉപകരണങ്ങള്‍, മറ്റ് ഗാഡ്ജെറ്റുകള്‍ എന്നിവയുടെ ഡിമാന്റ് കൊവിഡ് മഹാമാരിയുടെ കൂടി പശ്ചാത്തലത്തില്‍ കുതിച്ചുയര്‍ന്നതായാണ് വിലയിരുത്തപ്പെടുന്നത്. ടെക് കമ്പനികളില്‍ ഇന്ത്യന്‍, വിദേശ നിക്ഷേപങ്ങളില്‍ ഉടന്‍ തന്നെ വലിയ കുതിപ്പുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
ലോകം കൊവിഡ് രോഗത്തെ ശക്തമായി പ്രതിരോധിക്കുന്നതിനൊപ്പം അതിവേഗം വളര്‍ച്ച പ്രാപിക്കുന്നത് ഐടി, ടെക് കമ്പനികളാണെന്നാണ് വിലയിരുത്തല്‍. ലോകത്തിലെ ഏറ്റവും മികച്ച കമ്പനികള്‍ കൂടുതല്‍ ശമ്പളം വാഗ്ദാനം ചെയ്ത് കൂടുതല്‍ ഐടി പ്രൊഫഷണലുകളെ തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് ആകര്‍ഷിച്ചുവരികയാണ്. സാങ്കേതികവിദ്യയുടെ ആവശ്യകത വളരെയധികം വര്‍ധിച്ചുവെന്നാണ് ഇത് തെളിയിക്കുന്നത്. ഡിജിറ്റലൈസേഷന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വ്യാപിക്കുന്നത്. 2022ലും ഇതിന്റെ ഗുണം പ്രതീക്ഷിക്കാമെന്നതിനാല്‍ നിക്ഷേപകര്‍ക്കും അനുകൂലമായ കാലാവസ്ഥയാണ് നിലവിലുള്ളത്.