കൊവിഡ് പ്രതിസന്ധി ഡിജിറ്റൽ രംഗത്തിന് തുറന്ന് നൽകിയത് അനന്തസാധ്യതകളുടെ കലവറയാണ്. ലോക്ക്ഡൗണിൽ പുറത്തിറങ്ങാതെ വേഗത്തിലും എളുപ്പത്തിലും പണമടയ്ക്കാൻ ഉതകുന്ന മാർഗങ്ങൾ സുലഭമായി. ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകാര്യത കൈവരിച്ചതും ഈ കൊവിഡ് കാലയളവിലാണ്. ഡിജിറ്റലായി പണമിടപാട് നടത്താൻ വിവിധ മാർഗങ്ങളുണ്ടെങ്കിലും രാജ്യത്ത് കൂടുതലായും ഉപയോഗിക്കുന്ന ഒരു രീതിയാണ് യുപിഐ (Unified Payment Interface).
Google Pay, PhonePe, Paytm തുടങ്ങി UPI പേയ്‌മെന്റുകൾ നടത്താൻ നിരവധി പ്ലാറ്റ്‌ഫോമുകൾ ഇന്നുണ്ട്. പക്ഷേ നമുക്കറിയും പോലെ ഇന്റർനെറ്റ് സേവനമില്ലെങ്കിൽ ഈ പ്ലാറ്റ്‌ഫോമുകൾ വെറും നോക്കു കുത്തിയായി മാറും. ഒരിക്കലെങ്കിലും UPI പേയ്‌മെന്റുകൾ പണിതരാത്ത ആരും ഉണ്ടാകില്ല എന്നതാണ് മറ്റൊരു വസ്തുത. ചുരുക്കത്തിൽ ഇത്തരം സമയങ്ങളിൽ 123Pay അല്ലെങ്കിൽ USSD അടിസ്ഥാനമാക്കിയുള്ള UPI സേവനം മാത്രമേ ഉപയോഗിക്കാനാവൂ. എന്നാൽ ഈ USSD രീതികൾ ഉപയോക്താക്കളിൽ മടുപ്പുണ്ടാക്കുന്ന കാര്യമാണ്. ഈ രീതികൾക്കൊന്നും QR കോഡ് സ്കാൻ ചെയ്യാനുള്ള ഓപ്ഷൻ ഇല്ലാത്തതാണ് ഇതിന് കാരണം.
അത്തരം സന്ദർഭങ്ങളിൽ ഉപയോക്താക്കളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ, നാഷണൽ പേയ്‌മെന്റ് കമ്മീഷൻ ഓഫ് ഇന്ത്യ (NPCI) UPI Lite എന്ന പുതിയ UPI സേവനം ആരംഭിച്ചത്. അതെന്താണെന്ന് കൂടുതൽ അറിയാൻ താൽപര്യമുണ്ടെങ്കിൽ നിങ്ങളുടെ ഉത്തരം ഇതാ…
എന്താണ് UPI Lite ?
Paytm, Freecharge, MobiKwik പോലുള്ള ജനപ്രിയ ഡിജിറ്റൽ പേയ്‌മെന്റ് ആപ്പുകൾക്ക് സമാനമാണ് UPI Lite. എന്നാൽ ഇന്റർനെറ്റ് സേവനമില്ലാതെ ഡിജിറ്റൽ പേയ്‌മെന്റുകൾ വേഗത്തിൽ നടത്താൻ സാധിക്കും എന്നതാണ് UPI Lite ൻ്റെ സവിശേഷത. ആദ്യ ഘട്ടത്തിൽ ഇടപാടുകൾ ‘നിയർ ഓഫ്‌ലൈൻ’ മോഡിൽ നടത്താൻ കഴിയും. രണ്ടാം ഘട്ടത്തിൽ ഇത് ‘സമ്പൂർണ്ണ ഓഫ്‌ലൈൻ’ മോഡിൽ ഉപയോഗിക്കാൻ സാധിക്കുന്നു.
UPI Lite-ലെ ഇടപാട് പരിധി എത്ര ?
പരിധി 2,000 രൂപയാണ് വാലറ്റ് ബാലൻസ് വേണ്ടത്. ഇതിൽ നിന്നുള്ള ഡെബിറ്റ് മാത്രമേ അനുവദിക്കൂ. പരിധി 200 രൂപ വരെ UPI ലൈറ്റ് ഉപയോഗിച്ച് കൈമാറാൻ കഴിയും. അധിക ഫാക്ടർ ഓതന്റിക്കേഷൻ (additional factor authentication) ഉപയോഗിച്ചോ യുപിഐ ഓട്ടോപേ (UPI AutoPay) ഉപയോഗിച്ചോ വാലറ്റിൽ കൂടുതൽ ബാലൻസ് ചേർക്കാൻ സാധിക്കും എന്ന് NPCI പറയുന്നു.
UPI Lite എപ്പോൾ ലഭ്യമാകും?
യുപിഐ ലൈറ്റ് ലോഞ്ച് ചെയ്യുന്നതിനുള്ള പ്രത്യേക തീയതിയൊന്നും എൻപിസിഐ വെളിപ്പെടുത്തിയിട്ടില്ല. തുടക്കത്തിൽ ഒന്നിലധികം ബാങ്കുകളും ആപ്പ് ദാതാക്കളുമായി ചേർന്ന് പൈലറ്റായി UPI Lite ആരംഭിക്കുക എന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) സ്പെഷ്യലൈസ്ഡ് ഡിവിഷൻ പുറപ്പെടുവിച്ച സർക്കുലർ വ്യക്തമാക്കുന്നു.