രാജ്യം ഒരു ലക്ഷം കോവിഡ് മുൻനിര പ്രവർത്തകരെ സജ്ജമാക്കാനാണ് പദ്ധതിയിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്കിൽ ഇന്ത്യയുടെ കീഴിൽ കോവിഡ് 19 മുൻനിര പ്രവർത്തകർക്കായുളള ആറിന ക്രാഷ്കോഴ്സ് പ്രോഗ്രാമിന്‍റെ ലോഞ്ചിംഗ് വേളയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
‘വൈറസ് നമുക്കിടയിൽ ഇപ്പോഴുമുണ്ട്, അതിന് ഇനിയും വ്യതിയാനങ്ങൾ സംഭവിച്ചേക്കാം. അതിനാൽ ഇനിയുമുണ്ടായേക്കാവുന്ന വെല്ലുവിളികൾ മറികടക്കുന്നതിനു വേണ്ടി രാജ്യത്തിന്‍റെ തയ്യാറെടുപ്പുകൾ വർധിപ്പിക്കേണ്ടതുണ്ട്. ഈ ലക്ഷ്യത്തോടെയാണ് രാജ്യത്ത് ഒരു ലക്ഷം കോവിഡ് മുൻനിര പോരാളികളെ സജ്ജീകരിക്കുന്നതിനുളള നടപടികൾ ആരംഭിക്കുന്നത്,’ പ്രധാനമന്ത്രി പറഞ്ഞു.
മഹാമാരിക്കെതിരെ പോരാടുന്ന നിലവിലെ ടാസ്‌ക് ഫോഴ്‌സിനെ പിന്തുണയ്ക്കാനാണ് പുതിയ ക്രാഷ് കോഴ്സിലൂടെ യുവാക്കളെ പരിശീലിപ്പിക്കുന്നത്. കോഴ്‌സ് മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാകും. ഇതുവഴി ഇവർക്ക് ജോലി ലഭ്യമാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. പ്രത്യേക പരിശീലന പരിപാടി തികച്ചും സൗജന്യമാണ്. സർട്ടിഫിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം, സ്റ്റൈപ്പൻഡ്, ഇൻഷുറൻസ് എന്നിവ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കും. ആറു മേഖലകളിലായിട്ടാണ് പരിശീലനം. ഹോം കെയർ സപ്പോർട്ട്, ബേസിക് കെയർ സപ്പോർട്ട്, അഡ്വാൻസ്ഡ് കെയർ സപ്പോർട്ട്, എമർജൻസി കെയർ സപ്പോർട്ട്, സാമ്പിൾ കളക്ഷൻ സപ്പോർട്ട്, മെഡിക്കൽ എക്യുപ്‌മെൻറ് സപ്പോർട്ട് എന്നിവയാണ് ഇതിൽ ഉൾപ്പെടുക. 276 കോടി രൂപയാണ് കേന്ദ്രം ഇതിന് അനുവദിച്ചിട്ടുള്ളത്.