India National

50 ശതമാനം വിവിപാറ്റ് എണ്ണണം: പ്രതിപക്ഷം വീണ്ടും കോടതിയില്‍

50 ശതമാനം വിവിപാറ്റ് മെഷീനുകള്‍ എണ്ണണ്ണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും സുപ്രീംകോടതിയില്‍. നേരത്തെയുള്ള കോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ കോടതിയില്‍ ഹരജി നല്‍കി. 50 ശതമാനം വിവിപാറ്റ് മെഷീനുകള്‍ പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്നതാണ് ഹരജിയിലെ ആവശ്യം. മൂന്ന് ഘട്ടങ്ങളിലായി പൂര്‍ത്തിയായ തെരഞ്ഞെടുപ്പുകളില്‍ വ്യാപകമായ പരാതികളുയര്‍ന്നതാണ് അടിയന്തര സാഹചര്യം.

മണ്ഡലത്തിലെ ഏതെങ്കിലും അഞ്ച് വിവിപാറ്റ് മെഷീനുകള്‍ മാത്രം പരിശോധിക്കണമെന്നായിരുന്നു നേരത്തെയുള്ള കോടതി വിധി. ഫലപ്രഖ്യാപനത്തിന് കൂടുതല്‍ സമയം വേണ്ടിവരുമെന്നതായിരുന്നു കമ്മീഷന്‍റെ വാദം. ഇതിനെതിരെയാണ് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും പുനഃപരിശോധന ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. തെലുഗു ദേശം പാര്‍ട്ടിയും സമാജ്‍വാദി പാര്‍ട്ടിയും അടക്കം വിവിധ പാര്‍ട്ടികള്‍ ആരോപണവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ഉത്തര്‍പ്രദേശില്‍ മാത്രം മൂന്നൂറിലധികം ഇ.വി.എം തകരാറുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇ.വി.എമ്മില്‍ നിന്ന് ഭിന്നമായി തെരഞ്ഞെടുപ്പ് ചിഹ്നം വിവിപാറ്റില്‍ തെളിഞ്ഞുവെന്നും ആരോപണങ്ങളുയര്‍ന്നു. പരാതി പിന്നീട് ടെസ്റ്റ് നടത്തിയപ്പോള്‍ തെളിയിക്കാനാകാത്തതിനാല്‍ വ്യാജ പ്രചാരണം നടത്തിയെന്ന കുറ്റത്തിന് തിരുവനന്തപുരത്ത് പരാതിക്കാരനെതിരെ കേസെടുക്കുകയും ചെയ്തു.