India National

ഇനി നിങ്ങളുടെ വോട്ടുകള്‍ സുരക്ഷിതം; വിവിപാറ്റിനെക്കുറിച്ച് അറിയേണ്ടതെല്ലാം

വളരെയധികം പ്രത്യേകതയുള്ളതാണ് ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ്. പൂര്‍ണ്ണമായും വിവിപാറ്റ് യന്ത്രം ഉപയോഗിക്കുന്നു എന്ന പ്രത്യേകത അതിലൊന്നാണ്. വിവിപാറ്റ് സംവിധാനം നിലവില്‍ വരുന്നതോടെ വോട്ടിംഗ് സംവിധാനം കൂടുല്‍ സുരക്ഷിതമാകും. വോട്ടിംഗ് കേന്ദ്രത്തില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍റെ കൂടെ വിവിപാറ്റും ഉണ്ടാകും.

വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ എന്നാണ് പൂര്‍ണ്ണ രൂപം. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ എന്ത് കൃത്രിമം കാട്ടിയാലും വിവിപാറ്റ് സംവിധാനത്തിലൂടെ കണ്ടുപിടിക്കാം. അതുകൊണ്ട് തന്നെ വിവിപാറ്റിനെ ഒരു ആധികാരിക സ്ഥിരീകരണ രേഖയായി കണക്കാക്കാം. 2013 മുതല്‍ വിവിപാറ്റ് നിലവില്‍ വന്നെങ്കിലും ഉപയോഗിക്കപ്പെടുന്ന ആദ്യ തെരഞ്ഞെടുപ്പാണ് ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ്.

വോട്ടിംഗ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ അതിന്‍റെ വിവരങ്ങള്‍ വിവിപാറ്റ് ഡിസ്പ്ളേയില്‍ തെളിഞ്ഞു വരും. ഇത് വോട്ടര്‍മാര്‍ക്ക് വായിച്ച് ഉറപ്പ് വരുത്താവുന്നതാണ്. നിശ്ചിത സമയത്തേക്ക് മാത്രമേ വിവരങ്ങള്‍ ഡിസ്പളേയില്‍ ലഭ്യമാവുകയുള്ളു. അതിനു ശേഷം ഈ വിവരങ്ങള്‍ സ്ലിപ്പ് രൂപത്തില്‍ മെഷീനില്‍ തന്നെയുള്ള ബോക്സില്‍ വന്നു പതിക്കും. അതോടെ വോട്ടിംഗ് പൂര്‍ണ്ണമാകും. വോട്ടര്‍മാര്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന ഗ്ളാസ് ഡിസ്പ്ളേയിലാണ് വിവിപാറ്റ് യന്ത്രം സ്ഥാപിക്കുന്നത്. അതിനാല്‍ തന്നെ വിവിപാറ്റ് തികച്ചും സുരക്ഷിതമാണ്. വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാണിക്കാന്‍ പറ്റില്ല എന്നതാണ് വിവിപാറ്റിന്‍റെ മേന്മ.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കൃത്രിമത്വത്തെ കുറിച്ചുള്ള ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഇലക്ഷന്‍ കമ്മീഷന്‍ വിവിപാറ്റ് സംവിധാനം കൊണ്ട് വന്നത്. പിന്നീട് വോട്ടെടുപ്പ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുണ്ടങ്കില്‍ വിവിപാറ്റ് യന്ത്രത്തില്‍ പതിച്ച സ്ലിപ്പുകള്‍ പുറത്തെടുത്ത് എണ്ണി നോക്കാന്‍ സാധിക്കും. ഇതിന്‍റെ പൂര്‍ണ്ണ അധികാരം പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് മാത്രം ആയിരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുന്‍പായി 50 ശതമാനം വി.വി പാറ്റ് സ്ലിപ്പുകള്‍ വോട്ടിംഗ് മെഷീനിലെ വോട്ടുകളുമായി ഒത്തു നോക്കണമെന്നാവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ ഹര്‍ജി നല്‍കിയിരുന്നു.

ലോക്സഭാ തെരെഞ്ഞെടുപ്പില്‍‌ നിലവില്‍ എണ്ണുന്നതിനേക്കാള്‍ അഞ്ചിരട്ടി വിവപാറ്റുകള്‍ എണ്ണാന്‍‌ സുപ്രീം കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്‍റെതാണ് നിര്‍ണായക നിര്‍ദേശം. അന്‍‌പത് ശതമാനം വിവിപാറ്റുകള്‍ എണ്ണണം എന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ഹര്‍ജിയിലാണ് ഉത്തരവ്. കോടതി ഉത്തരവ് പാലിക്കുന്നതിനുള്ള എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.