India

2ജി കേസിലെ വിവാദ പരാമർശം; മുൻ സിഎജി വിനോദ് റായ് മാപ്പ് പറഞ്ഞു

മാനനഷ്ടക്കേസിൽ മുൻ സി.എ.ജി വിനോദ് റായ് തന്നോട് നിരുപാധികം മാപ്പ് പറഞ്ഞതായി കോൺഗ്രസ് നേതാവും മുൻ രാജ്യസഭാ എം.പിയുമായ സഞ്ജയ് നിരുപം. 2ജി സ്‌പെക്‌ട്രം റിപ്പോർട്ടിൽ നിന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ മാറ്റിനിർത്താൻ നിരുപമും മറ്റ് എംപിമാരും സമ്മർദം ചെലുത്തിയെന്ന് 2014ൽ റായ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് നിരുപം കോടതിയിൽ അപകീർത്തി കേസ് ഫയൽ ചെയ്തത്.

‘ഡൽഹി പാട്യാല കോടതിയിൽ ഞാൻ സമർപ്പിച്ച അപകീർത്തി കേസിൽ ഒടുവിൽ മുൻ സിഎജി വിനോദ് റായ് നിരുപാധികം മാപ്പുപറഞ്ഞിരിക്കുന്നു. യുപിഎ സർക്കാറിന്റെ കാലത്തെ 2ജി സ്‌പെക്ട്രം, കൽക്കരി ലേലം എന്നിവയുമായി ബന്ധപ്പെട്ട കൃത്രിമ റിപ്പോർട്ടുകൾക്ക് അദ്ദേഹം രാഷ്ട്രത്തോട് മാപ്പു പറയണം’ – കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം ട്വിറ്ററിൽ പങ്കുവച്ച് നിരുപം പറഞ്ഞു.

അഭിമുഖത്തിലെ ചോദ്യങ്ങൾക്ക് മറുപടിയായി സിഎജി റിപ്പോർട്ടിൽ നിന്ന് മൻമോഹൻ സിങ്ങിന്റെ പേര് ഒഴിവാക്കാൻ സമ്മർദം ചെലുത്തിയവരിൽ സഞ്ജയ് നിരുപമിന്റെ പേര് അശ്രദ്ധമായും തെറ്റായും പരാമർശിച്ചതായി മനസ്സിലായിയെന്ന് സത്യവാങ്മൂലത്തിൽ റായ് പറഞ്ഞു. സഞ്ജയ് നിരുപമിന് പുറമേ, കോൺഗ്രസ് എംപിമാരായ അശ്വിനി കുമാറും സന്ദീപ് ദീക്ഷിത്തും മൻമോഹനു വേണ്ടി ഇടപെട്ടു എന്നും അദ്ദേഹം ആരോപിച്ചിരുന്നു.