കുറ്റവാളിയുടെ ഉന്നത ബന്ധങ്ങളും കുറ്റകൃത്യം സംബന്ധിച്ച വിവരങ്ങളും മൂടിവെക്കാൻ ശ്രമമെന്ന് പ്രതിപക്ഷം. സിബിഐ അന്വഷണം വേണമെന്ന് ആവിശ്യം.
ഗുണ്ടാത്തലവന് വികാസ് ദുബെയെ ഏറ്റുമുട്ടലിലെന്ന പേരിൽ ഉത്തർപ്രദേശ് പൊലീസ് കൊലപ്പെടുത്തുകയായിരുന്നുവെന്ന വിമര്‍ശം വ്യാപകമാകുന്നു. ദുബെയുടെ ഉന്നത ബന്ധങ്ങള്‍ പുറത്തുവരാതിരിക്കാനാണ് കൊലപ്പെടുത്തിയതെന്നാണ് ആരോപണം. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിലും അലഹബാദ് ഹൈകോടതിയിലും ഹരജിയും സമര്‍പ്പിച്ചിട്ടുണ്ട്. സുപ്രീംകോടതി സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്ന് ഇന്നലെ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.
മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്ന് യുപിയിലെ കാൺപുരിലേക്ക് കൊണ്ട് വരും വഴിയാണ് വികാസ് ദുബെയെ പോലീസ് വെടിവെച്ച് കൊന്നത്. പോലീസ് വാഹനം അപകടത്തിൽ പെട്ട സമയത്ത് പൊലീസ് തോക്ക് തട്ടിയെടുത്ത് ദുബൈ വെടിവെക്കാൻ ശ്രമിച്ചെന്നാണ് പോലീസ് ഭാഷ്യം. നാല് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റെന്നും പോലീസ് വ്യക്തമാക്കി. എന്നാൽ ദുബൈയുടെ നെഞ്ചിൽ വെടിയേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയതും, ഉജ്ജയിനിൽ നിന്ന് ഉത്തർപ്രദേശിലേക്ക് കടക്കുന്നത് വരെയും പൊലീസ് വാഹനം പിന്തുടര്‍ന്ന മാധ്യമ പ്രവർത്തകരെ വഴിയിൽ തടഞ്ഞതും ഏറ്റുമുട്ടൽ വ്യാജമാണെന്ന സംശയം ബലപ്പെടുത്തുന്നതാണ്.
ദുബെയുടെ സഹായികൾ കൊല്ലപ്പെട്ടപ്പോൾ തന്നെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകൻ ഗണശ്യാം ഉപാധ്യായ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ദുബെ കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമാജ് വാദി പാര്‍ട്ടിനേതാവ് അഭിഷേക് സോം, സുപ്രീംകോടതി അഭിഭാഷകൻ പവൻ പ്രകാശ് പത്തക്, ഡൽഹി സര്‍വകലാശാല നിയമവിദ്യാര്‍ഥി അഭിജിത് പാണ്ടെ എന്നിവര്‍ അലഹബാദ് ഹൈകോടതിയെയും സമീപിച്ചിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് സുപ്രീംകോടതി സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. കുറ്റവാളിയുടെ ഉന്നത ബന്ധങ്ങൾ മറച്ചുവെക്കുന്നതിനായാണ് ദുബെയെ വധിച്ചതെന്നാണ് പ്രതിപക്ഷ ആരോപണം. പലതും മറച്ചുവെക്കാനുള്ള ശ്രമമാണ് നീക്കത്തിന് പിന്നിലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ആരോപിച്ചു. കാൺപൂരിൽ 8 പൊലീസുകാരെ വെടി വെച്ചു കൊന്ന കേസിലെ പ്രതികളായ 5 പേരെയും പോലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുകയായിരുന്നു.