India National Sports

‘ക്രിക്കറ്റ് ​ഗ്രൗണ്ടിൽ ഏറ്റുമുട്ടി വേദ പണ്ഡിതർ’; സംസ്കൃതത്തിൽ കമന്ററി, സമ്മാനം അയോധ്യ സന്ദർശനം

സംസ്‌കൃതം പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് വേദ പണ്ഡിതന്മാര്‍ക്കുവേണ്ടി സംഘടിപ്പിക്കുന്ന വാര്‍ഷിക ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഭോപാലില്‍ തുടക്കമായി. ജനുവരി 22-ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന അയോധ്യ രാമക്ഷേത്രത്തിലേക്ക് സൗജന്യയാത്രയാണ് ടൂര്‍ണമെന്റിലെ വിജയികളെ കാത്തിരിക്കുന്ന സമ്മാനം. ദേശീയ മാധ്യമമായ ANI ആണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

ദോത്തിയും കുര്‍ത്തയും ധരിച്ച ബാറ്റ്‌സ്മാന്‍. കഴുത്തില്‍ രുദ്രാക്ഷമാല ധരിച്ച ബോളര്‍. സംസ്‌കൃത’ത്തിലാണ് കമന്ററി. ഭോപാലിലെ അങ്കുര്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. കളിക്കാരും അമ്പയര്‍മാരും തമ്മില്‍ സംസ്‌കൃതത്തിലാണ് ആശയവിനിമയം നടത്തുക. ഹിറ്റുകളും മിസ്സുകളും ക്യാച്ചും ഔട്ടും കലര്‍പ്പില്ലാത്ത സംസ്‌കൃതത്തില്‍ കമന്റേറ്റര്‍മാര്‍ വിവരിക്കുകയും ചെയ്യും.

മഹാഋഷി മൈത്രി മാച്ച് എന്ന പേരില്‍ അറിയപ്പെടുന്ന ടൂര്‍ണമെന്റില്‍ ഭോപാലില്‍നിന്ന് നാല് ടീമടക്കം 12-ഓളം ടീമുകളാണ് മത്സരിക്കുന്നത്. ഇത്തവണത്തേത് ടൂര്‍ണമെന്റിന്റെ നാലാം എഡിഷനാണ്. എല്ലാ ടീമംഗങ്ങള്‍ക്കും വേദ ഗ്രന്ഥങ്ങളും പഞ്ചാംഗവും സമ്മാനിക്കും.സൗജന്യ അയോധ്യ സന്ദര്‍ശനത്തിന് പുറമേ 21,000 രൂപയും ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് 11,000 രൂപയാണ് സമ്മാനം.