India National

ഒന്നര വയസുകാരിയെ തലയിലേന്തി കഴുത്തറ്റം വെള്ളത്തിലൂടെ ആ പൊലീസുകാരന്‍ നടന്നു; ഇതാ വഡോദരയില്‍ നിന്നും മനസ് നിറക്കുന്നൊരു കാഴ്ച

പ്രളയം ഗുജറാത്തിലെ വഡോദരയെ മുക്കിക്കൊണ്ടിരിക്കുകയാണ്. ഗ്രാമങ്ങളും വീടുകളും റോഡുകളുമെല്ലാം വെള്ളത്തിനടിയിലാണ്. പ്രളയം താണ്ഡവമാടുമ്പോള്‍ നാട്ടുകാരെ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് പൊലീസുകാരും മറ്റുള്ളവരും. കഴുത്തറ്റം വെള്ളത്തിലൂടെ പ്ലാസ്റ്റിക് ടബില്‍ ഒന്നര വയസുകാരിയെയും കിടത്തി അതു തലയില്‍ വച്ച് പോകുന്ന ഒരു പൊലീസുകാരനാണ് വെള്ളപ്പൊക്കത്തിന്റെ ഞെട്ടിക്കുന്ന കാഴ്ചകള്‍ക്കിടയിലും വഡോദരയുടെ മനസ് നിറയ്ക്കുന്നത്. വഡോദരയുടെ മാത്രമല്ല ലോകത്തിന്റെയും..

സബ് ഇന്‍സ്പെക്ടറായ ഗോവിന്ദ് ചാവ്ഡയാണ് മനുഷ്യത്വത്തിന്റെ പര്യായമായി മാറിയത്. വെള്ളപ്പൊക്കം രൂക്ഷമാകുമ്പോള്‍ വ്യാഴാഴ്ചയാണ് വിശ്വമിത്രി റയില്‍വെ സ്റ്റേഷന് സമീപമുള്ള ദേവിപുരയില്‍ നിന്നും കുട്ടിയെ ഗോവിന്ദ് രക്ഷപ്പെടുത്തിയത്. വീട്ടില്‍ വെള്ളം കയറി ആകെ കുടുങ്ങിയ നിലയിലായിരുന്നു അമ്മയും. അമ്മയാണ് പ്ലാസ്റ്റിക് ടബില്‍ കുഞ്ഞിനെ കിടത്തി തന്നെ ഏല്‍പിച്ചതെന്ന് ഗോവിന്ദ് പറഞ്ഞു. കുട്ടിയെ കയ്യിലെടുക്കുക സുരക്ഷിതമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഞ്ചടിയോളം വെള്ളത്തില്‍ 1.5 കിമീ നടന്നാണ് ലക്ഷ്യസ്ഥാനത്ത് എത്തിയതെന്നും അമ്മയെയും രക്ഷപ്പെടുത്തിയതായും ഗോവിന്ദ് അറിയിച്ചു.

വെള്ളം പൊങ്ങിത്തുടങ്ങിയപ്പോള്‍ തന്നെ അവിടെ നിന്നും മാറിത്താമസിക്കാന്‍ പൊലീസ് സംഘം ദേവിപുരം നിവാസികളോട് ആവശ്യപ്പെട്ടിരുന്നതായി ഗോവിന്ദ് പി.ടി.ഐയോട് പറഞ്ഞു. മറ്റ് പൊലീസുകാര്‍ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായും അദ്ദേഹം അറിയിച്ചു.

വഡോദരയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഇതുവരെ അഞ്ച് പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 5700 പേരെ മാറ്റഇപ്പാര്‍പ്പിക്കുകയും ചെയ്തു. റെയില്‍, റോഡ് ഗതാഗതങ്ങള്‍ നിര്‍ത്തിവച്ചിട്ടുണ്ട്.