India National

മൈക്ക് പോംപിയോ മോദിയുമായി കൂടിക്കാഴ്ച നടത്തി

യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ജി 20 രാജ്യങ്ങളുടെ യോഗത്തില്‍ മോദിയും ട്രംപും കൂടിക്കാഴ്ച നടത്തുന്നതിന് മുന്നോടിയായാണ് കൂടിക്കാഴ്ച. വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി മൈക്ക് പോംപിയോ ഇപ്പോള്‍ കൂടിക്കാഴ്ച നടത്തുകയാണ്.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ മൈക്ക് പോംപിയോ വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയതായാണ് സൂചന. നിലവില്‍ ഇരു രാജ്യങ്ങളുമായി നിലനില്‍ക്കുന്ന വ്യാപാരബന്ധത്തിലെ വിള്ളല്‍, റഷ്യയില്‍ നിന്ന് എസ് 400 മിസൈലുകള്‍ വാങ്ങാനുള്ള ഇന്ത്യന്‍ നീക്കം തുടങ്ങിയവയെല്ലാമാണ് ഉന്നതത തല ചര്‍ച്ചയില്‍ വിഷയമാകുന്നത്. റഷ്യയുമായുള്ള കരാറില്‍ നിന്ന് ഇന്ത്യ പിന്‍മാറണമെന്നാണ് അമേരിക്ക ആവശ്യപ്പെടുന്നത്. എന്നാല്‍ റഷ്യയുമായി ദശാബ്ദങ്ങളുടെ നയതന്ത്രബന്ധമുള്ളതിനാല്‍ കരാറില്‍ നിന്ന് പിന്‍മാറാനാകില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

ഇന്ത്യന്‍ സ്റ്റീലിനും അലുമിനിയത്തിനും നികുതി ഏര്‍പ്പെടുത്താന്‍ അമേരിക്ക തീരുമാനിച്ചതോടെ 29 അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്താന്‍ ഇന്ത്യയും തീരുമാനിച്ചിരുന്നു. ഇതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപരബന്ധത്തില്‍ തിരിച്ചടിയായത്. ഇതൊടൊപ്പം ഇറാനില്‍ നിന്ന് ഇന്ത്യ ക്രൂഡോയില്‍ വാങ്ങിക്കുന്നതിനും അമേരിക്ക എതിരാണ്. ഇക്കാര്യങ്ങളില്‍ വിശദമായ ചര്‍ച്ച നടക്കും. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അമേരിക്കയുമായി നടക്കുന്ന ആദ്യ ഉന്നതതല ചര്‍ച്ചയാണിത്.