ഉത്തർപ്രദേശിലെ മിർസാപൂർ ജില്ലയിലെ ഒരു സർക്കാർ പ്രൈമറി സ്‌കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണമായി നല്‍കിയത് ‘ചപ്പാത്തിയും ഉപ്പും’. കുട്ടികൾക്ക് പോഷകാഹാരം നൽകുന്നതിനുള്ള പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിലാണ് ചപ്പാത്തിയും ഉപ്പും വിളമ്പിയത്. പശ്ചിമ ബംഗാളിലെ ഒരു സ്‌കൂളില്‍ കുട്ടികൾക്ക് ചോറും ഉപ്പും വിളമ്പിയതിന് ശേഷമാണ് ഈ സംഭവം.
രാജ്യത്തൊട്ടാകെയുള്ള സ്കൂൾ കുട്ടികളുടെ പോഷക നിലവാരം മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള കേന്ദ്ര സർക്കാരിന്റെ സ്കൂൾ ഭക്ഷണ പദ്ധതിയാണ് പോഷകാഹാരം ഉള്‍പ്പെടുത്തിയുള്ള ഉച്ചഭക്ഷണ പദ്ധതി. ഏകദേശം 12,000 കോടി രൂപ വാർഷിക ബജറ്റ് നീക്കിവെച്ചുള്ള പദ്ധതിയാണിത്. കുട്ടികൾക്ക് ‘ചപ്പാത്തിയും ഉപ്പും’ മാത്രം നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ഇത് ചിലര്‍ ജില്ലാ മജിസ്‌ട്രേറ്റിന് അയയ്ക്കുകയും ചെയ്തതോടെയാണ് വിഷയം പുറത്തുവന്നത്.
മിർസാപൂരിലെ ഷിയൂരിലെ സർക്കാർ പ്രൈമറി സ്‌കൂളിലാണ് സംഭവം. ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ ജില്ലാ മജിസ്‌ട്രേറ്റ് അനുരാഗ് പട്ടേൽ ഉടൻ തന്നെ പ്രാഥമിക ശിക്ഷ അധികാരി പ്രവീൺ കുമാർ തിവാരിക്ക് നിർദ്ദേശം നൽകി. സംഭവത്തെ തുടര്‍ന്ന് സ്‌കൂളിലെ പ്രധാനാധ്യാപകനെ സസ്‌പെൻഡ് ചെയ്തു. ”ഇക്കാര്യത്തിൽ അന്വേഷണം നടത്താനും ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ കർശന നടപടി ഉറപ്പാക്കാനും പ്രവീണ്‍ കുമാര്‍ തിവാരിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.” – ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.