India National

മുസഫര്‍നഗര്‍ കലാപ കേസുകള്‍ പിന്‍വലിക്കാന്‍ യോഗി സര്‍ക്കാരിന്‍റെ നീക്കം

2013ലെ മുസഫര്‍ നഗര്‍ കലാപത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്‍റെ ശുപാര്‍ശ‍. 100ലധികം പേര്‍ക്കെതിരെ ചുമത്തിയ 38 കേസുകള്‍ പിന്‍വലിക്കാനാണ് നീക്കം. യു.പിയിലെ സ്‌പെഷ്യല്‍ സെക്രട്ടറി ജെ.പി സിംഗും അണ്ടര്‍ സെക്രട്ടറി അരുണ്‍ കുമാര്‍ റായിയും കഴിഞ്ഞ ആഴ്ച ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് മുസഫര്‍ നഗര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ സമര്‍പ്പിച്ചെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ജനുവരി 10നാണ് കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. റിപ്പോര്‍ട്ട് മുസഫര്‍ നഗര്‍ മജിസ്‌ട്രേറ്റിന് സമര്‍പ്പിച്ചത് ജനുവരി 29നാണ്. 2013ലെ സംഭവത്തില്‍ ആറ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത 119 കേസുകള്‍ പിന്‍വലിക്കാനാണ് സര്‍ക്കാര്‍ ഉപദേശം തേടിയത്. ഒടുവില്‍ 38 കേസുകള്‍ പിന്‍വലിക്കാനാണ് കോടതിയോട് അനുമതി തേടിയിരിക്കുന്നത്. കവര്‍ച്ച, സ്‌ഫോടക വസ്തുക്കള്‍ കൈവശം വെക്കല്‍, മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ആരാധനാലയങ്ങളില്‍ വൃത്തികേടാക്കുക തുടങ്ങിയ കുറ്റം ചുമത്തിയ കേസുകളാണ് പിന്‍വലിക്കുന്നത്.

മുസഫര്‍ നഗര്‍ കലാപത്തില്‍ ഹിന്ദുക്കള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.പി സഞ്ജീവ് ബല്യന്‍ യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ചിരുന്നു. യോഗി സര്‍ക്കാരിനോട് നന്ദിയുണ്ടെന്ന് സഞ്ജീവ് ബല്യന്‍ പറഞ്ഞു. ‌ബല്യനെതിരെയും കലാപത്തില്‍ കേസെടുത്തിട്ടുണ്ട്. തന്റെ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ഫെബ്രുവരി 8ന് കോടതിയില്‍ ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു.

2013ലെ മുസഫര്‍നഗര്‍ കലാപത്തില്‍ അറുപതിലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. 50,000 പേര്‍ക്ക് പലായനം ചെയ്യേണ്ടിവന്നു. ബി.ജെ.പിയുടെ നിരവധി നേതാക്കള്‍ വിവിധ കേസുകളില്‍ പ്രതികളാണ്.