ഉത്തര്‍പ്രദേശില്‍ എസ്.പിയുമായുള്ള സഖ്യം തുടരേണ്ടതില്ലെന്ന് ബി.എസ്.പി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സഖ്യം ഗുണം ചെയ്തില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. 11 നിയമസഭാ സീറ്റുകളിലേക്ക് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാനും ഡല്‍ഹിയില്‍ ചേര്‍ന്ന ബി.എസ്.പിയുടെ ജനപ്രതിനിധി സഭാ യോഗത്തില്‍ തീരുമാനമായി.
ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലങ്ങള്‍ അവലോകനം ചെയ്യാനായി ഡല്‍ഹിയില്‍ ബി.എസ്.പി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ആസന്നമായ അസംബ്‌ളി ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനുള്ള തീരുമാനം മായാവതി കൈകൊണ്ടത്. പാര്‍ലമെന്റംഗങ്ങളായി മത്സരിച്ചു ജയിച്ച എം.എല്‍.എമാര്‍ രാജിവെക്കുന്ന 11 സീറ്റുകളിലാണ് യു.പിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടത്. കഴിഞ്ഞ നിരവധി ഉപതെരഞ്ഞെടുപ്പുകളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതിനു പകരം സമാജ്‌വാദിക്ക് പിന്തുണ നല്‍കുകയാണ് ബി.എസ്.പി ചെയ്തത്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദിയുമായി ഉണ്ടാക്കിയ സഖ്യം തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച ഗുണം ചെയ്തില്ലെന്നും ഇത്തവണത്തെ ഉപതെരഞ്ഞെടുപ്പില്‍ ഒറ്റക്കു മത്സരിക്കാന്‍ തയാറാവണമെന്നും മായാവതി നേതാക്കളോട് ആവശ്യപ്പെട്ടതായാണ് വിവരം.
യാദവ വോട്ടുകള്‍ ബി.എസ്.പി സ്ഥാനാര്‍ഥികള്‍ക്ക് ഉറപ്പു വരുത്തുന്നതില്‍ അഖിലേഷ് യാദവ് പരാജയപ്പെട്ടുവെന്ന് യോഗം വിലയിരുത്തിയതായി ബി.എസ്.പി യു.പി ഘടകം അധ്യക്ഷന്‍ ആര്‍.എസ്. കുശവാഹയെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. മായാവതി ഇതുവരെ പരസ്യമായി ഈ ആരോപണം ഉന്നയിച്ചിട്ടില്ല. ലോക്‌സഭയിലേക്ക് യു.പിയിലെ 37 സീറ്റുകളില്‍ മത്സരിച്ച ബി.എസ്.പിക്ക് 10 സീറ്റുകളില്‍ മാത്രമാണ് ജയിക്കാനായത്. 36 സീറ്റുകളില്‍ മത്സരിച്ച എസ്.പിക്ക് 5 പേരെ ജയിപ്പിക്കാനായി. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം ഇ.വി.എം യന്ത്രങ്ങളില്‍ നടന്ന ക്രമക്കേടുകളാണെന്നാണ് മായാവതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്. ഇപ്പോഴത്തെ ആരോപണം ശരിയാണെങ്കില്‍ ഇ.വി.എം മാത്രമല്ല പരാജയകാരണമെന്ന് ബി.എസ്.പി വിലയിരുത്തുന്നതായാണ് സൂചന. സമാജ്‌വാദിയുമായുള്ള കൂട്ടുകെട്ട് ഉപേക്ഷിക്കുന്ന സാഹചര്യമുണ്ടായാല്‍ ബി.എസ്.പിയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.