ദലിത് യുവാവിനെ വിവാഹം കഴിച്ച ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എയുടെ മകള്‍ സാക്ഷി മിശ്രക്കും ഭര്‍ത്താവ് അജിതേഷ് കുമാറിനും സുരക്ഷ നല്‍കണമെന്ന് അലഹബാദ് ഹൈകോടതി ഉത്തരവിട്ടു. ഇതിനായി പൊലീസിന് കോടതി നിര്‍ദേശം നല്‍കി. സുരക്ഷ തേടി കോടതി വളപ്പിലെത്തിയ ദന്പതികളെ തട്ടിക്കൊണ്ടുപോകാനും ശ്രമം നടന്നു.
ഉത്തര്‍പ്രദേശ് ബറേലിയിലെ ബി.ജെ.പി എം.എല്‍.എ രാജേഷ് മിശ്രയുടെ മകള്‍ സാക്ഷി മിശ്രയും ദലിത് യുവാവായ ഭര്‍ത്താവ് അജിതേഷ് കുമാറുമാണ് ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം നല്‍കണമെന്നും കാണിച്ച് അലഹബാദ് ഹൈകോടതിയെ സമീപിച്ചത്. ഹരജി പരിഗണിക്കാനിരിക്കെ നാടകീയ രംഗങ്ങള്‍ക്കാണ് കോടതി സാക്ഷ്യം വഹിച്ചത്. ഹരജി പരിഗണിക്കുന്നതിന് തൊട്ടുമുന്‍പേ കോടതിയിലെത്തിയ ഇരുവരെയും കോടതി വളപ്പില്‍ നിന്ന് ഒരു സംഘം തട്ടിക്കൊണ്ടുപോയി. ദലിതനായ ഭര്‍ത്താവ് അജിതേഷ് കുമാറിനെ സംഘം ക്രൂരമായി മര്‍ദിച്ചു. തട്ടിക്കൊണ്ടുപോയ വാഹനത്തെ പിന്തുടര്‍ന്ന് പൊലീസാണ് ഇവരെ രക്ഷപ്പെടുത്തിയത്.
പൊലീസിന്റെ സഹായത്തോടെ തന്നെയാണ് ഇവര്‍ കോടതിയില്‍ ഹാജരായത്. ഇവര്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് ഉത്തര്‍പ്രദേശ് പൊലീസിന് ഉടന്‍ തന്നെ കോടതി നിര്‍ദേശം നല്‍കി. ബി.ജെ.പി എം.എല്‍.എയായ അച്ഛനും അദ്ദേഹത്തിന്റെ കൂട്ടാളികളും തന്നെയും ഭര്‍ത്താവിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കാണിച്ചാണ് ദന്പതികള്‍ കോടതിയെ സമീപിച്ചത്. ഇതേ ആരോപണം ഉന്നയിച്ച് ദന്പതികള്‍ പുറത്തുവിട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ദേശീയ മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.