രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് വെള്ളിയാഴ്ച അവതരിപ്പിക്കും. നിക്ഷേപ, കാര്‍ഷിക മേഖലകളിലെ വളര്‍ച്ച കീഴ്പ്പോട്ടാണ്. നിര്‍മ്മാണ, ഖനന മേഖലകളുടെ സൂചികയായ ഓട്ടോ മൊബൈല്‍ വ്യവസായവും വന്‍ പ്രതിസന്ധി നേരിടുന്നു. ഈ സ്ഥിതി വിശേഷം സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടില്‍ എങ്ങനെ വിശദീകരിക്കുമെന്ന കൌതുകം സാമ്പത്തിക വിദഗ്ധര്‍ക്കുണ്ട്.
ഒന്നാം മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ടു നിരോധവും ജി.എസ്.ടിയും നട്ടെല്ലൊടിച്ച സമ്പദ് വ്യവസ്ഥയെ നേരെയാക്കിയെടുക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളാണ് പുതിയ ബജറ്റില്‍ രാജ്യം പ്രതീക്ഷിക്കുന്നത്. തൊഴിലില്ലായ്മയും കാര്‍ഷിക പ്രതിസന്ധിയുമാണ് അടിയന്തരമായി മോദി സര്‍ക്കാര്‍ ഇടപെടേണ്ട മേഖലകള്‍. ഇരുമ്പ്, അലൂമിനിയം പോലുള്ള കയറ്റുമതി മേഖലയിലെ പ്രധാന ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ ഇറക്കുമതി ചുങ്കം കുത്തനെ കൂട്ടിയതും ഇറാനില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്നതും മോദി സര്‍ക്കാറിന്റെ പ്രതിസന്ധികളുടെ ആഴം വര്‍ധിപ്പിക്കുന്നുമുണ്ട്. ഇറാനിലെ യുദ്ധം ആഗോള സാമ്പത്തിക മാന്ദ്യത്തെ രൂക്ഷമാക്കിയേക്കുമെന്നും ഇന്ത്യയുടെ ഇന്ധന സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മറുഭാഗത്ത് വിദേശകടം ഇരട്ടിയായി വര്‍ധിച്ചതും വളര്‍ച്ചാ നിരക്ക് കുറഞ്ഞതും പണപ്പെരുപ്പം കൂടിയതും സമീപകാലത്തു കണ്ട ഏറ്റവും മോശപ്പെട്ട സാമ്പത്തിക ചിത്രമാണ് ഇന്ത്യക്കകത്ത് സൃഷ്ടിക്കുന്നത്. തൊഴില്ലായ്മ 40 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ അവസ്ഥയിലാണെന്ന കണക്ക് മോദി സര്‍ക്കാര്‍ ഒടുവില്‍ അംഗീകരിച്ചതോടെ പൊതു, സ്വകാര്യ മേഖലകളില്‍ തൊഴില്‍ ലഭ്യത വര്‍ധിപ്പിക്കാന്‍ പുതിയ ബജറ്റില്‍ സര്‍ക്കാറിന് പദ്ധതികളും ഇളവുകളും പ്രഖ്യാപിച്ചേ മതിയാകൂ.
ഇടക്കാല ബജറ്റില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അവതരിപ്പിച്ച ജനപ്രിയ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്നാക്കം പോവില്ലെന്നാണ് കരുതപ്പെടുന്നത്. കൂടുതല്‍ നികുതിയിളവുകള്‍ നല്‍കി ഗ്രാമീണ മേഖലയിലെ ക്രയ ശേഷിയെ സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിച്ചേക്കുമെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. സാമ്പത്തിക വളര്‍ച്ചയുടെ കണക്കുകള്‍ പെരുപ്പിച്ചുണ്ടാക്കിയതാണെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ അസമത്വം പെരുകുന്ന സാമ്പത്തിക മേഖലയെ എക്കണോമിക് സര്‍വ്വെ യാഥാര്‍ഥ്യ ബോധത്തോടെ സമീപിക്കുമോ എന്നത് കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു.
ദല്‍ഹി, മഹാരാഷ്ട്ര തുടങ്ങയ സംസ്ഥാനങ്ങളില്‍ അസംബ്ളി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സാമ്പത്തിക ഘടകങ്ങളേക്കാളേറെ രാഷ്ട്രീയ ഘടകങ്ങള്‍ എന്തായിരിക്കുമെന്ന ആകാംക്ഷയും ബജറ്റ് ഉയര്‍ത്തുന്നുണ്ട്.