തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ രണ്ട് വയസുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. അഞ്ച് വിദഗ്ധ സംഘങ്ങൾക്കൊപ്പം, ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകൾ കൂടി രക്ഷാപ്രവർത്തനത്തിനെത്തി. കഴിഞ്ഞ 19 മണിക്കൂറായി സുജിത്ത് കിണറിനകത്താണ്.
ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് കളിച്ചു കൊണ്ടിരിയ്ക്കുന്നതിനിടെ ,കുട്ടി കുഴൽ കിണറിൽ വീണത്. ഉടനെ തന്നെ രക്ഷാപ്രവർത്തനങ്ങളും ആരംഭിച്ചു. സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ രക്ഷിക്കാനായിരുന്നു ആദ്യ ശ്രമം. എന്നാൽ 16 അടി കഴിഞ്ഞപ്പോൾ പാറക്കെട്ടുകളായി. ഇത് മുറിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീടാണ് വിവിധയിടങ്ങളിൽ നിന്നെത്തിയ അഞ്ച് വിദഗ്ധ സംഘങ്ങൾ പ്രത്യേക ഉപകരണങ്ങളുടെ സഹായത്തോടെ രക്ഷാപ്രവർത്തനം തുടരുന്നത്.
പ്രത്യേകം സജ്ജീകരിച്ച ഉപകരണം കൊണ്ട് കുഴല്‍ കിണറിലൂടെ തന്നെ കുട്ടിയെ ഉയര്‍ത്തിയെടുക്കാനാണ് ശ്രമം എന്നാല്‍ മണ്ണിടിച്ചില്‍ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ആദ്യ സമയത്ത് കുട്ടി പ്രതികരിച്ചിരുന്നെങ്കിലും പുലര്‍ച്ചെ അഞ്ച് മണി മുതല്‍ പ്രതികരണമില്ല. കുട്ടി തളര്‍ന്നു പോയതും കാരണമാകാമെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. വിദഗ്ധരായ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള മെഡിക്കല്‍ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
വെള്ളിയാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന സുജിത് വില്‍സണ്‍ എന്ന രണ്ടുവയസുകാരന്‍ സമീപത്തുള്ള കുഴല്‍ക്കിണറിലേക്ക് കാല്‍ തെന്നി വീഴുകയായിരുന്നു, ഏഴ് വര്‍ഷം മുന്‍പ് കുഴിച്ചതാണ് ഈ കിണര്‍. ഫയര്‍ ആന്‍ഡ് റസ്ക്യൂ സര്‍വീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശവാസികളുടെ സഹായത്തോടെ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.
ട്യൂബ് വഴി കുട്ടിക്ക് ഓക്സിജന്‍ എത്തിക്കുന്നുണ്ട്. 35 അടിയോളം താഴ്ചയുള്ള കുഴല്‍ക്കിണര്‍ മൂടിയ നിലയിലായിരുന്നു. തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് ഈയിടെയാണ് കുഴല്‍ക്കിണര്‍ തുറന്നത്. ഇതാണ് വലിയ അപകടത്തിലേക്ക് എത്തിച്ചത്.