India National

ട്വിറ്റർ പ്രതിനിധികൾ ഇന്ന് പാര്‍ലമെ‍ന്‍ററി സമിതിക്ക് മുന്നിൽ ഹാജരാകും

ട്വിറ്ററിനെതിരെ നിയമ നടപടിയുമായി കേന്ദ്ര സർക്കാർ മുന്നോട്ടു പോകുന്നതിനിടെ പാർലമെന്‍ററി സമിതിക്ക് മുന്നിൽ ട്വിറ്റർ പ്രതിനിധികൾ ഇന്ന് ഹാജരാകും. പുതിയ ഐടി നിയമ പ്രകാരമുളള മാർഗനിർദേശങ്ങൾ നടപ്പാക്കിയോ എന്ന കാര്യം സമിതിക്ക് മുന്നിൽ വിശദീകരിക്കണം.

പരാതി പരിഹാരത്തിനായി ഇന്ത്യക്കാരായ ഉദ്യോഗസ്ഥരെ നിയമിക്കണം എന്നതടക്കമുള്ള നിർദേശങ്ങൾ നടപ്പാക്കി വരികയാണെന്ന് ട്വിറ്റർ സമിതിയെ അറിയിക്കും. അതേസമയം, ഇന്ത്യൻ നിയമങ്ങൾ പാലിക്കാൻ ട്വിറ്റർ തയ്യാറാകത്തതിനാൽ ഇടനിലക്കാരൻ എന്ന നിലയിലുള്ള നിയമ പരിരക്ഷ കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു.

ഉത്തർപ്രദേശിൽ തെറ്റായ വാർത്ത നൽകിയെന്നാരോപിച്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. കോൺഗ്രസ്‌ ടൂൾകിറ്റ് കേസിൽ ട്വിറ്റർ ഇന്ത്യ മേധാവി മനീഷ് മഹേശ്വരിയെ ഡൽഹി പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ പാർലമെന്‍ററി സമിതിക്ക് മുന്നിൽ ട്വിറ്റർ എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിർണായകമാണ്.