India

സ്വകാര്യ മുതൽ നശിപ്പിച്ചാലും കടുത്ത ശിക്ഷ;സര്‍ക്കാര്‍

പ്രക്ഷോഭങ്ങളില്‍ സ്വകാര്യമുതല്‍ നശിപ്പിക്കുന്നതു പൊതുമുതല്‍ നശീകരണത്തിനു തുല്യമാക്കി സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു. വീടുകൾ, പാര്‍ട്ടിഓഫീസുകൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവക്കെതിരായ അക്രമം തടയാനാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ട് വരുന്നത്. അഞ്ച് വര്‍ഷം തടവ് ശിക്ഷയടക്കമുള്ള വ്യവസ്ഥകൾ ഉള്‍പ്പെടുത്തുന്ന ഓര്‍ഡിനന്‍സ് ഇന്നത്തെ പ്രത്യേക മന്ത്രിസഭയോഗം ചര്‍ച്ച ചെയ്തേക്കും. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തുണ്ടായ അക്രമങ്ങളടക്കം മന്ത്രിസഭയില്‍ ചര്‍ച്ചക്ക് വന്നേക്കും.

ശബരിമല കര്‍മ്മസമിതി കഴിഞ്ഞ ദിവസം നടത്തിയ ഹര്‍ത്താലില്‍ വീടുകൾ പാര്‍ട്ടിഓഫീസുകൾ കച്ചവട സ്ഥാപനങ്ങൾ എന്നിവയ്ക്കെതിരെ വ്യാപകമായ അക്രമമാണ് നടന്നത്. ഈ സാഹചര്യത്തിലാണ് പുതിയ ഓര്‍ഡിനന്‍സ് ഇറക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നത്. സ്വകാര്യ മുതൽ നശിപ്പിക്കുന്നത് പൊതുമുതൽ നശിപ്പിക്കുന്നതിന് തുല്യമാക്കി കര്‍ശന നടപടിക്കുള്ള ഓര്‍ഡിനൻസ് ഇറക്കാനാണ് സര്‍ക്കാര്‍ നീക്കം. കേന്ദ്രനിയമമായ പൊതുമുതല്‍ നശീകരണ നിരോധന നിയമത്തിന്റെ അതേ മാതൃകയിലാണു സംസ്ഥാന സര്‍ക്കാര്‍ പുതിയ നിയമം കൊണ്ട് വരാന്‍ ആലോചിക്കുന്നത്.

പാര്‍ട്ടി ഓഫിസുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ പൊതുമുതല്‍ നശീകരണമായി കണക്കാക്കുന്ന തരത്തിലാണ് നിയമനിര്‍മ്മാണം. സ്വകാര്യ വ്യക്തികളുടെ വസ്തുക്കള്‍ക്ക് നാശം വരുത്തിയാല്‍ ഒരു വര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെ ശിക്ഷ കിട്ടുന്ന തരത്തിലാണു നിയമനിര്‍മാണം ഉദ്ദേശിക്കുന്നത്. ഹര്‍ത്താലിനിടെയുണ്ടാകുന്ന അക്രമങ്ങള്‍ ഭരണഘടനവിരുദ്ധമാണെന്ന് ഹൈക്കോടതി കൂടി വ്യക്തമാക്കിയ സാഹചര്യത്തില്‍ സര്‍ക്കാരിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായിട്ടുണ്ട്.