ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) ഭീകരർ കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ ചാക്-ഇ-ചോളൻ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സേന മേഖലയിൽ തെരച്ചിലിൽ നടത്തുകയായിരുന്നു.
തെരച്ചിൽ നടത്തുകയായിരുന്ന സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയാണ് ഉണ്ടായത്. തുടർന്ന് സേനയും തിരിച്ചടിച്ചു. ഇരുവിഭാഗവും തമ്മിലുള്ള വെടിവയ്പിൽ ഒരാൾ ആദ്യം തന്നെ കൊല്ലപ്പെട്ടു. ഒരു ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിൽ രണ്ട് ഭീകരരെ കൂടി വധിച്ചു.
കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അമീർ ഹുസൈൻ, റയീസ് അഹമ്മദ്, ഹസീബ് യൂസഫ് എന്നിവരാണ് മരിച്ചത്. ഔദ്യോഗിക രേഖകൾ പ്രകാരം, മൂവരും സുരക്ഷാ സേനയ്ക്കും സാധാരണക്കാർക്കും എതിരായ ആക്രമണങ്ങൾ ഉൾപ്പെടെ നിരവധി ഭീകര കുറ്റകൃത്യ കേസുകളിൽ ഉൾപ്പെട്ട ഗ്രൂപ്പുകളുടെ ഭാഗമാണെന്ന് പൊലീസ് വക്താവ് പറഞ്ഞു.