India

ദക്ഷിണ കർണാടകയിലെ ആദ്യ റെയിൽവേ മ്യൂസിയം ബുധനാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും

സഞ്ചാരികളെ സ്വാഗതം ചെയ്യാനൊരുങ്ങി ദക്ഷിണ കർണാടകയിലെ ആദ്യ റെയിൽവേ മ്യൂസിയം. ഹൂബ്ലിയിൽ സജ്ജീകരിച്ചിരിക്കുന്ന മ്യൂസിയം രാജ്യത്തെ റെയിൽവേ ശൃഘലയുടെ പൈതൃകത്തെ പൂർണതോതിൽ വിളിച്ചോതുന്നതാണ്. ഈ മാസം അഞ്ച് മുതലാണ് സന്ദർശകർക്കായി തുറന്നു കൊടുക്കപ്പെടുന്നത്. തെക്കു പടിഞ്ഞാറൻ റെയിൽവേ ശൃംഖലയിൽ മൈസൂരു റെയിൽ മ്യൂസിയം കഴിഞ്ഞാൽ രണ്ടാം സ്ഥാനമാണെന്നും 2020 ജൂലൈ 31-നാണ് മ്യൂസിയം കമ്മീഷൻ ചെയ്തതെന്നും അധികൃതർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ബുധനാഴ്ച മുതൽ അഞ്ച് ദിവസത്തേക്ക് സന്ദർശകർക്ക് തികച്ചും സൗജന്യമായിരിക്കും. വൈകിട്ട് 4 മുതൽ ഏഴുവരെയാണ് പ്രവേശന സമയം. ആഗസ്റ്റ് 11 മുതൽ സാധാരണ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ രാത്രി ഏഴുവരെ മ്യൂസിയം പ്രവർത്തിക്കുന്നതായിരിക്കും. ഏഴ്ചയുടെ അവസാന ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും ഉച്ചയ്ക്ക് 12 മുതൽ രാത്രി എട്ടുമണി വരെയും പ്രവർത്തിക്കുന്നതാണ്. തിങ്കളാഴ്ച ദിവസം തുറന്നു പ്രവർത്തിക്കുന്നതല്ല.

അഞ്ചു മുതൽ 12 വയസുവരെയുള്ളവർക്ക് 10 രൂപയും 12 വയസിന് മുകളിലുള്ളവർക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. അഞ്ചുവയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.

15 മിനിട്ടാണ് സന്ദർശന സമയം. പ്രത്യേക തിയേറ്റർ കോച്ചിൽ 12 മണി മുതൽ അഞ്ച് മണിവരെ ഓരോ മണിക്കൂറിലും പ്രദർശനമുണ്ടായിരിക്കുന്നതാണ്. പത്ത് പേർ ഉൾപ്പെടുന്ന സംഘത്തിലുള്ളവർക്ക് ഒരാൾക്ക് പത്ത് രൂപ നിരക്കായിരിക്കും ഈടാക്കുന്നത്.

റോളിങ് സ്റ്റോക്കുകൾ, മാലപ്രഭ, ഘടപ്രഭ എന്നിങ്ങനെയുള്ള കോട്ടേജുകൾ, കഫേറ്റീരിയ, മെമ്മോറാബിലിയ ഷോപ്പ്, ടിക്കറ്റ് പ്രിന്റിങ് യന്ത്രം, മാതൃകാ തീവണ്ടി, കുട്ടികൾക്കായുള്ള ആക്റ്റിവിറ്റി റൂം എന്നിവയും കളിപ്പാട്ട തീവണ്ടിയും ഉൾപ്പെടുന്നതാണ് മ്യൂസിയത്തിലെ കാഴ്ചകൾ.