തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. കേരളത്തില്‍ പരസ്പരം പോരടിക്കുന്ന പാര്‍ട്ടികളെല്ലാം മതനിരപേക്ഷ മുന്നണിക്ക് കീഴില്‍ ഒറ്റക്കെട്ടായാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. കേരളത്തിലെ പ്രശ്നങ്ങള്‍ ആ സംസ്ഥാനത്തേതു മാത്രമാണെന്നാണ് തമിഴ്നാട്ടിലെ നേതാക്കള്‍ പറയുന്നത്.
തിരുപ്പൂരിലെ മതനിരപേക്ഷ മുന്നണി സ്ഥാനാര്‍ഥി സി.പി.ഐയിലെ ടി. സുബ്ബരായ്യന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റോഡ് ഷോയില്‍ സി.പി.ഐയ്ക്കും സി.പി.എമ്മിനും ഒപ്പം തന്നെ അതേ ആവേശത്തിലുണ്ട് കോണ്‍ഗ്രസും ലീഗും. യു.പി.എയ്ക്കു വേണ്ടി, മതനിരപേക്ഷ മുന്നണിയ്ക്കു വേണ്ടി പരമാവധി വോട്ടുകള്‍ സ്വരൂപിക്കാനുള്ള അവസാന ശ്രമങ്ങളിലാണ് എല്ലാ പാര്‍ട്ടികളും. മുന്നണിയിലെ എല്ലാ പാര്‍ട്ടികളും സജീവമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ട്. സംസ്ഥാനത്തെ 40 മണ്ഡലങ്ങളിലും ഇത്തവണ ഡി.എം.കെ സഖ്യം വിജയിക്കും എന്നും സുബ്ബരായ്യന്‍ അവകാശപ്പെട്ടു.
പുതുച്ചേരി ഉള്‍പ്പെടെ 10 സീറ്റുകളില്‍ കോണ്‍ഗ്രസും രണ്ടു വീതം സീറ്റുകളില്‍ സി.പി.എമ്മും സി.പി.ഐയും ഒരു സീറ്റില്‍ ലീഗും മത്സരിക്കുന്നു. എല്ലാ പാര്‍ട്ടികളുടെയും സംസ്ഥാന നേതാക്കള്‍ തന്നെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇറങ്ങുന്നത്. മോദി വിരുദ്ധതയും സംസ്ഥാന സര്‍ക്കാരിന്റെ വികസന വിരുദ്ധ പ്രവര്‍ത്തനങ്ങളും തന്നെയാണ് പ്രചാരണത്തില്‍ ഇപ്പോഴും കേള്‍ക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ നേടി സംസ്ഥാന ഭരണം കൂടി നേടുകയെന്ന ലക്ഷ്യവുമുണ്ട് മതനിരപേക്ഷ മുന്നണിയ്ക്ക്.