India National

കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ജെയ്ശെ മുഹമ്മദ് ഭീകരരെ വധിച്ചു, രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന മൂന്ന് ജെയ്ശെ മുഹമ്മദ് ഭീകരരെ വധിച്ചു. ഇവരില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയെന്ന് ജമ്മു കശ്മീര്‍ പൊലീസ് വ്യക്തമാക്കി. ഏറ്റുമുട്ടലില്‍ ഒരു ഡി.വൈ.എസ്.പി അടക്കം രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു.

ശ്രീനഗറില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയിലായിരുന്നു ഏറ്റുമുട്ടല്‍. സായുധരായ ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍‌ന്ന്‌ പൊലീസും സി.ആര്‍.പി.എഫും സൈന്യവും സംയുക്തമായി തിരച്ചില്‍‌ നടത്തുകയായിരുന്നു. ഇതിനിടെ ഭീകരര്‍ വെടിയുതിര്‍ത്തു. മണിക്കൂറുകളോളം നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ മൂന്ന് ജെയ്ശെ മുഹമ്മദ് ഭീകരരെ വധിച്ചു. ഇവരില്‍ നിന്ന് വെടിക്കോപ്പുകളും മറ്റ് ആയുധങ്ങളും കണ്ടെത്തിയെന്ന് പൊലീസ് വ്യക്തമാക്കി.

ഏറ്റുമുട്ടലില്‍ ഡി.വൈ.എസ്.പി അമന്‍ കുമാറിനാണ് ജീവന്‍ നഷ്ടമായത്. ജമ്മു കശ്മീര്‍ ഡി.ജി.പി അടക്കമുള്ളവര്‍ അമന്‍റെ മൃതദേഹത്തിന് അന്തിമോപചാരം അര്‍പ്പിച്ചു. മേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനടക്കം മൂന്ന് സൈനികര്‍ക്കും ഓപ്പറേഷനിടെ പരിക്കേറ്റിട്ടുണ്ട്. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ സംസ്ഥാനത്ത് ഭീകരര്‍ക്കായി തിരച്ചില്‍ ശക്തമാണ്.