India

ഡല്‍ഹിയില്‍ ഭീകരര്‍ പിടിയിലായ സംഭവം; അന്വേഷണം ശക്തമാക്കി പൊലീസ്

ഡല്‍ഹിയില്‍ ഭീകരര്‍ പിടിയിലായ സാഹചര്യത്തില്‍ അന്വേഷണം ശക്തമാക്കി ഡല്‍ഹി പൊലീസ്. പിടിയിലായ ഭീകരരുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന വ്യാപിപ്പിച്ചു. വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രികരിച്ചാണ് പരിശോധന നടക്കുന്നത്.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുമ്പായി രാജ്യത്തിന്റെ വിവിധ ഭാഗത്തില്‍ സ്‌ഫോടനമടക്കം നടത്താനാണ് ഭീകരരുടെ പദ്ധതിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഡല്‍ഹി, മഹരാഷ്ട്ര, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഇന്നലെ ആറ് ഭീകരരെയാണ് ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തത്. ഇവരില്‍ രണ്ട് പേര്‍ പാകിസ്താനില്‍ നിന്ന് പരിശിലനം ലഭിച്ചവരാണ്. ദാവൂദ് ഇബ്രാഹിമാന്റെ സഹോദരന്‍ അനീസ് ഇബ്രാഹിമുമായി ഇവര്‍ക്ക് ബന്ധമുള്ളതായി പൊലീസ് വ്യക്തമാക്കി. സ്‌ഫോടക വസ്തുക്കളും വെടിക്കോപ്പുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ഡല്‍ഹി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ആഘോഷ ചടങ്ങുകള്‍ക്കിടെ സ്‌ഫോടനം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പൊലീസ് അറിയിച്ചു.