ചെന്നൈയിലും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലും ജലക്ഷാമം കൂടുതല്‍ രൂക്ഷമാകുന്നു. തീവ്രശ്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നുണ്ടെങ്കിലും പ്രതിസന്ധി പൂര്‍ണമായും പരിഹരിയ്ക്കാന്‍ സാധിച്ചിട്ടില്ല. മഴ പെയ്യാനായി തമിഴ്നാട്ടിലെ വിവിധ ക്ഷേത്രങ്ങളില്‍ അണ്ണാ ഡി.എം.കെയുടെ നേതൃത്വത്തില്‍ യാഗങ്ങള്‍ നടത്തി. ഡി.എം.കെയുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങളും തുടരുകയാണ്.
രണ്ടു ദിവസം മഴയുണ്ടാകുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. എന്നാല്‍ അതുണ്ടായില്ല. ഇതാണ് ജലപ്രതിസന്ധിയ്ക്ക് ആക്കം കൂട്ടുന്നത്. പരമാവധി സ്ത്രോതസുകള്‍ കണ്ടെത്തി അവിടങ്ങളില്‍ നിന്നും ജലമെത്തിയ്ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ ചെന്നൈ കോര്‍പറേഷന്‍ നടത്തുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വെളളമെത്തിയ്ക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാറും തുടരുന്നു. എങ്കിലും ജനങ്ങളുടെ പ്രശ്നങ്ങള്‍ തീരുന്നില്ല. മഴ പെയ്യാനായി അണ്ണാ ഡിഎംകെയുടെ നേതൃത്വത്തില്‍ തമിഴ്നാട്ടിലെ വിവിധ ക്ഷേത്രങ്ങളില്‍ യാഗങ്ങള്‍ നടത്തി. എല്ലാ യാഗങ്ങളിലും മന്ത്രിമാര്‍ പങ്കെടുത്തു. കുടിവെള്ള ക്ഷാമം പരിഹരിയ്ക്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രതിഷേധവും തുടരുകയാണ്. ഇന്ന് ചെന്നൈയിലെ ജാഫര്‍ഖാന്‍ പേട്ട് ഉള്‍പ്പെടെയുള്ള മേഖലകളില്‍ ജനങ്ങള്‍ റോഡുപരോധിച്ചു.