India National

കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് പ്രധാനമന്ത്രി സ്വീകരിക്കണം; ആവശ്യവുമായി കോണ്‍ഗ്രസ് എംഎല്‍എ

പട്‌ന: കോവിഡ് വാക്‌സിന്റെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യം വാക്‌സിന്‍ സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ. ബിഹാര്‍ കോണ്‍ഗ്രസ് നേതാവ് അജിത് ശര്‍മയാണ് ഈയാവശ്യവുമായി രംഗത്തെത്തിയത്.

പൊതുജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനായി യുഎസിലും റഷ്യയിലും അതതു രാഷ്ട്രത്തലവന്മാര്‍ വാക്‌സിന്‍ സ്വീകരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മുതിര്‍ന്ന ബിജെപി നേതാക്കളും ആദ്യം വാക്‌സിന്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

”പുതുവര്‍ഷത്തില്‍ രണ്ടു വാക്‌സിനുകള്‍ ലഭിച്ചതില്‍ സന്തോഷമുണ്ട്. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്കകളുണ്ട്. റഷ്യന്‍, യുഎസ് രാഷ്ട്രനേതാക്കള്‍ ആദ്യ ഡോസുകള്‍ സ്വീകരിച്ച് ആ രാജ്യത്തെ ജനങ്ങളുടെ വിശ്വാസം നേടിയെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയും മുതിര്‍ന്ന ബിജെപി മന്ത്രിമാരും ആദ്യ ഡോസ് എടുത്ത് ജനങ്ങളുടെ വിശ്വാസം നേടിയെടുക്കും എന്നാണ് ഞാന്‍ കരുതുന്നത്’

അജിത് ശര്‍മ്മ/ ബിഹാര്‍ കോണ്‍ഗ്രസ് എംഎല്‍എ

ഇന്ത്യയില്‍ ഉപയോഗിക്കുന്ന വാക്‌സിനുകളുടെ ക്രഡിറ്റ് തട്ടിയെടുക്കാന്‍ ബിജെപി ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു. കോവിഡ് വാക്‌സിനു വേണ്ടി സജ്ജമായത് സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെകുമാണ്. കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോഴാണ് ഈ കമ്പനികള്‍ സ്ഥാപിക്കപ്പെട്ടത്. യഥാര്‍ത്ഥ ക്രഡിറ്റ് കോണ്‍ഗ്രസിനാണ് വേണ്ടത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.