ജനാധിപത്യരാജ്യമായ സ്വിറ്റ്‌സർലൻഡ് ഒരു പൊതുതെരഞ്ഞെടുപ്പിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ദേശീയ പാർട്ടികൾ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ സജീവമായിക്കഴിഞ്ഞു. ഫെഡറൽ ചാൻസലറി (Bundeskanzlei) എന്ന ഭരണഘടനാ സ്ഥാപനമാണ് സ്വിസ് ഇലക്ഷൻ സംബന്ധമായ എല്ലാ ഉത്തരവാദിത്വങ്ങളും നിർവഹിക്കുന്നത്. സ്വിസ്സ് പാർലമെന്റിന്റെ കാലാവധി നാലുവർഷമാണ്. പാർലമെന്റിന് ഇരു സഭകളുണ്ട്. നാഷണൽ കൗൺസിൽ (Nationalrat ), കൗൺസിൽ ഓഫ് സ്റ്റേയ്റ്റ്സ് (Ständerat ) എന്നീ പേരുകളിലാണ് ഈ സഭകൾ അറിയപ്പെടുന്നത്. നാഷണൽ കൗൺസിലിൽ 200 അംഗങ്ങളും കൗൺസിൽ ഓഫ് സ്റ്റേയ്റ്റ്‌സിൽ 46 അംഗങ്ങളുമാണുള്ളത്. 18 വയസ്സ് പൂർത്തിയായ ഒരു സ്വിസ്സ് പൗരന് വോട്ട് രേഖപ്പെടുത്താനും സ്ഥാനാർത്ഥിയായി മത്സരിക്കാനും അവകാശമുണ്ട്.
മനസ്സിലാക്കാൻ അൽപ്പം ബുദ്ധിമുട്ടുള്ള ഈ തെരഞ്ഞെടുപ്പ് സംവിധാനം താല്പര്യമുള്ളവർക്കു വേണ്ടി മാത്രം ഈ ലേഖനത്തിലൂടെ ഒന്ന് വിശദികരിക്കുകയാണ്.
National Council (Nationalrat)
നാഷണൽ കൗൺസിലിലേക്ക് കൺടോണുകളിൽ (സംസഥാനം) നിന്നും തെരഞ്ഞെടുക്കപ്പെടേണ്ട പ്രതിനിധികളുടെ എണ്ണം ജനസംഖ്യ അടിസ്ഥാനത്തിലാണ് തിരുമാനിക്കപ്പെട്ടിരിക്കുന്നത്. നാൽപ്പതിനായിരം ആളുകൾക്ക് ഒരു കൗൺസിൽ മെമ്പർ ഉണ്ടായിരിക്കുക എന്ന നിയമമാണ് ഇപ്പോൾ പിന്തുടരുന്നത്. ഇത്രയും ജനം ഒരു കൺടോണിൽ ഇല്ലായെങ്കിലും ഒരു കൗൺസിൽ അംഗം ഓരോ കൺടോണിൽ നിന്നും നിർബന്ധമായും തെരഞ്ഞെടുക്കപ്പെട്ടിരിക്കണം എന്നതാണ് നിയമം. ജനസംഖ്യ അനുപാതത്തിൽ ഏറ്റവും കൂടുതൽ അംഗങ്ങളെ തെരഞ്ഞെടുക്കുന്ന കൺറ്റോൺ സൂറിച്ചാണ്. 35 അംഗങ്ങളുള്ള സൂറിച്ചിന് പിന്നിൽ 25 അംഗങ്ങളുമായി ബേൺ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. ആർഗാവിന് 16 ഉം ബാസൽ ലാന്റിനു 7 ഉം ബാസൽ സിറ്റിക്ക് 5 ഉം പ്രതിനിധികളാണുള്ളത്. ജനസംഖ്യ കുറഞ്ഞ അപ്പൻസെൽ , ഗ്ലാറുസ്, നിദ് വാൾഡൻ, ഒബ്‌വാൾഡൻ, ഉറി എന്നീ കൺടോണുകൾക്ക് ഒരംഗത്തെ വിതം തെരഞ്ഞെടുത്ത് അയക്കാനാണ് അവകാശമുള്ളത്
Council of States (Ständerat)
കൗൺസിൽ ഓഫ് സ്റ്റേയ്റ്റ്സ് 46 അംഗങ്ങളുള്ള സമിതിയാണ്. ഈ പാർലമെന്റ് സഭയുടെ അംഗങ്ങൾ കൺടോണുകളുടെ പ്രതിനിധികളാണ്. സ്വിറ്റ്സർലന്റിൽ 26 കൺടോണുകളാണ് (സംസ്ഥാനം) ഉള്ളത്. ഇതിൽ 20 എണ്ണം പൂർണ്ണ കൺടോണും 6 എണ്ണം പകുതി കൺടോണുമായാണ് അറിയപ്പെടുന്നത്. ബാസൽ സിറ്റി, ബാസൽ ലാന്റ്, അപ്പൻസെൽ ഇന്നർ റോഡൻ, അപ്പൻസെൽ ഔട്ടർ റോഡൻ, ഒബ്‌വാൾഡൻ, നീഡ്‌വാൾഡൻ എന്നിവയാണ് ഹാഫ് കൺടോണുകൾ. ഭരണപരമായ അവകാശങ്ങളുടെ കാര്യത്തിൽ പകുതി കൺടോണും പൂർണ്ണ കൺടോണും തമ്മിൽ വ്യത്യാസങ്ങളൊന്നുമില്ല. കൗൺസിൽ ഓഫ് സ്റ്റേയ്റ്റ്‌സിലേക്ക് പൂർണ്ണ കന്റോൺ രണ്ട് പ്രതിനിധികളെ തെരഞ്ഞെടുത്ത് അയക്കുമ്പോൾ ഹാഫ് കന്റോൺ ഒരാളെ മാത്രം അയക്കുന്നു എന്നത് മാത്രമാണ് വ്യത്യാസം. കൗൺസിൽ ഓഫ് സ്റ്റേയ്റ്റ്‌സിലേക്ക് നടത്തുന്ന തെരഞ്ഞെടുപ്പിന്റെ നിയമങ്ങളും നടത്തിപ്പും തീരുമാനിക്കുന്നത് അതാതു കൺടോണുകളാണ്.
ദേശീയ തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നത് കന്റോൺ ഷാഫ് ഹൌസനിൽ മാത്രം നിയമം മൂലം നിർബന്ധമാക്കിയിട്ടുണ്ട്. ഏതെങ്കിലും കാരണവശാൽ വോട്ട് ചെയ്യാൻ പറ്റിയില്ലെങ്കിൽ 6 സ്വിസ്സഫ്രാങ്ക് ആ വ്യക്തി പിഴയായി അടക്കേണ്ടിവരും.
2019 ഒക്ടോബർ 20 നാണ് രാജ്യവ്യാപകമായി പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ചെറിയ രാജ്യമാണെങ്കിലും 15 പാർട്ടികൾ മത്സരരംഗത്തുണ്ട്.
തെരഞ്ഞെടുപ്പിന് ശേഷം പാർട്ടികൾക്ക് ലഭിക്കുന്ന പ്രതിനിധികളുടെ എണ്ണം നോക്കിയ ശേഷമായിരിക്കും കേന്ദ്രമന്ത്രിമാരെ (Bundesrat) പാർട്ടികൾക്ക് വീതിക്കുക. ഏഴ് മന്ത്രിമാർ മാത്രമടങ്ങിയ എക്സിക്കുട്ടീവ് ആണ് രാജ്യം ഭരിക്കുന്നത്. ഈ ഏഴുപേരിൽ ഒരാളെ രാജ്യത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കും. ആ വ്യക്തി തന്റെ വകുപ്പിന്റെ മന്ത്രിയും ഒരു വർഷത്തേക്ക് രാജ്യത്തിന്റെ പ്രസിഡന്റുമായിരിക്കും. ഓരോ വർഷവും മന്ത്രിമാരിലൊരാളെ രാജ്യത്തിന്റെ പ്രസിഡന്റായി മാറിമാറി തെരഞ്ഞെടുക്കും. ഒരു വ്യക്തി തന്നെ വീണ്ടും പ്രസിഡന്റാകുന്നതിനു തടസ്സമില്ല. രാജ്യത്തെ പരമോന്നത പൗരൻ എന്ന ബഹുമതി ലഭിക്കുന്നത് നാഷണൽ കൗൺസിൽ പ്രസിഡന്റായി പാർലമെന്റ് തെരഞ്ഞെടുക്കുന്ന വ്യക്തിക്കാണ്.
ഇന്ത്യ, കേരളാ മോഡൽ ഭരണം സ്വികരിച്ചിരുന്നെങ്കിൽ മിനിമം 25 കേന്ദ്ര മന്തിമാർ, പ്രസിഡന്റ്,വൈസ്പ്രസിഡന്റ്, എന്നിങ്ങനെ ഒട്ടേറെ പേർക്ക് അനന്ത സാധ്യതകൾ ലഭിക്കുമായിരുന്ന അക്ഷയഖനി ആകുമായിരുന്നു സ്വിസ് തലസ്ഥാനം. സ്വിസ്സ് പാർലമെന്റംഗം ആ പദവി വഹിക്കുന്നതുകൊണ്ടുമാത്രം ഉപജീവനം നടക്കില്ല. അതിനു തക്ക വരുമാനം രാജ്യം അവർക്ക് നൽകുന്നില്ല. അവരൊക്കെ ഏതെങ്കിലും ബിസിനസ് സംരംഭങ്ങൾ സ്വന്തമായി ഉള്ളവരായിരിക്കും.
Preportional Representation (ആനുപാതിക പ്രാതിനിധ്യം) (Proporzwahl )
നാഷണൽ കൗൺസിലിലേക്ക് സ്വിറ്റ്‌സർലൻഡ് തുടരുന്ന തെരഞ്ഞെടുപ്പ് രീതിയെ ആനുപാതിക പ്രാതിനിധ്യ തെരഞ്ഞെടുപ്പ് എന്നാണ് അറിയപ്പെടുന്നത്. ഇത് ഇന്ത്യൻ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിൽ നിന്നും വ്യത്യസ്തമാണ്. വിവിധപാർട്ടികൾ, വ്യത്യസ്ത വിഭാഗങ്ങൾ എന്നിവർക്ക് ജനപ്രതിനിധിസഭയിൽ പ്രാതിനിധ്യം ഉറപ്പു വരുന്ന സംവിധാനമാണിത്. സ്ഥാനാർത്ഥികൾക്ക് കിട്ടുന്ന വോട്ട് ആ വ്യക്തി പ്രതിനിധാനം ചെയ്യുന്ന പാർട്ടിക്കാണ് ലഭിക്കുക.ആകെ വോട്ട് എണ്ണിയശേഷം എത്ര ശതമാനം വോട്ടുകൾ ഓരോ പാർട്ടിക്കും ലഭിച്ചിട്ടുണ്ടെന്ന് കണക്കു കൂട്ടും. ഉദാഹരണത്തിന് ആകെ പോൾ ചെയ്ത വോട്ടിന്റെ 40 ശതമാനം ലഭിച്ച പാർട്ടിക്ക് 40 ശതമാനം സീറ്റുകൾ ലഭ്യമാകും. 30 ശതമാനം വോട്ടുകൾ ലഭിച്ച പാർട്ടിക്ക് 30 ശതമാനം സീറ്റുകൾ ലഭിക്കും. എന്ന് പറഞ്ഞാൽ പാർട്ടികൾ അവതരിപ്പിക്കുന്ന പാനലിലെ എല്ലാ അംഗങ്ങളും ഒരിക്കലും വിജയിക്കില്ല എന്നർത്ഥം. അഥവാ ജയിക്കണമെങ്കിൽ 100 ശതമാനം വോട്ടുകളും ആ പാർട്ടിക്ക് മാത്രമായി ലഭിക്കണം. ഒരു പാർട്ടിക്ക് ശതമാനക്കണക്കിൽ 3 പേരെ വിജയിപ്പിക്കാമെങ്കിൽ അവരുടെ പാനലിൽ ഏറ്റവും കൂടുതൽ വോട്ടുകൾ കിട്ടിയ 3 പേർ തെരഞ്ഞെടുക്കപ്പെടും. ഏകദേശം തൊണ്ണൂറോളം രാജ്യങ്ങൾ ഈ വോട്ടെടുപ്പ് രീതി സ്വികരിച്ചിട്ടുണ്ട്.
ഒരു പാർട്ടിയുടെ പാനലിൽ മത്സരിച്ച് തോറ്റ സ്ഥാനാർത്ഥിക്ക് കിട്ടിയ വോട്ടിനേക്കാൾ കുറഞ്ഞ വോട്ടുകൾ ലഭിച്ച മറ്റൊരു പാർട്ടിയുടെ സ്ഥാനാർഥി വിജയിക്കാനുള്ള സാധ്യതയും ഈ സമ്പ്രദായത്തിൽ ഉണ്ട്.
ഒരു പ്രതിനിധിയെ മാത്രം തെരഞ്ഞെടുക്കുന്ന കൺടോണുകൾ ഭൂരിപക്ഷം വോട്ടുകൾ ലഭിക്കുന്ന ആൾ വിജയിക്കുക എന്ന രീതിയാണ് (majority System ) തുടരുന്നത് (ഇന്ത്യയിലേതുപോലെ).
കൗൺസിൽ ഓഫ് സ്‌റ്റെയ്‌റ്സിൽ (Ständerat )46 അംഗങ്ങളാണ് ഉള്ളത്. ഒരു കന്റോൺ ഒഴികെ ബാക്കി 25 കൺടോണുകളും നാഷണൽ കൗൺസിൽ തെരഞ്ഞെടുപ്പിന് ഒപ്പം തന്നെയാണ് ഈ തെരഞ്ഞെടുപ്പും നടത്തുന്നത്. അപ്പൻസെൽ ഇന്നർ റോഡൻ ഏപ്രിൽ മാസത്തിൽ ഈ തെരഞ്ഞെടുപ്പ് നടത്തും. യൂറാ, നോയേമ്പുർഗ് എന്നീ രണ്ട് കൺടോണുകൾ അനുപാതികപ്രതിനിധ്യം എന്ന രീതിയിൽ ഈ തെരഞ്ഞെടുപ്പ് നടത്തുമ്പോൾ ഇതര കൺടോണുകൾ ഭൂരിപക്ഷം കിട്ടുന്ന സ്ഥാനാർഥി ജയിക്കുന്ന രീതിയാണ് തുടരുന്നത്.
തെരഞ്ഞെടുപ്പ് രീതി
ബാലറ്റുപേപ്പർ വളരെ നേരത്തെ തന്നെ ഓരോ പൗരനും തപാൽ വഴി ലഭിച്ചിരിക്കും.ഇതിൽ ഓരോ പാർട്ടിയുടെയും പാനലിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പേര് എഴുതിയ ലിസ്റ്റ് ഉണ്ടായിരിക്കും. കൂടാതെ ആരുടെയും പേര് എഴുതാത്ത ഒരു ബാലറ്റുപേപ്പർ കൂടി നല്കിയിട്ടുണ്ടാകും. പ്രധാനമായും നാലു കാര്യങ്ങളാണ് വോട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്.
- ഒരു പാർട്ടിയെ പൂർണ്ണമായും വിശ്വസിക്കുകയും ആ പാനലിലെ എല്ലാവരും വിജയിക്കണമെന്നും ആ പാർട്ടിക്ക് കൂടുതൽ ശതമാനം വോട്ട് ലഭിക്കണമെന്നും തിരുമാനിക്കുകയാണെങ്കിൽ ബാലറ്റിലെ ആ ലിസ്റ്റ് മാത്രം കിറിയെടുത്ത് തിരികെ അയക്കുക.
- ഒരു പാർട്ടിയുടെ ലിസ്റ്റിൽ നിന്നും ചിലർ വേണ്ട എന്ന് തോന്നുകയും മറ്റു ലിസ്റ്റിൽ നിന്നും പകരം ആളെ എടുക്കാൻ ആഗ്രഹിക്കുകയും ചെയ്‌താൽ ആദ്യ ലിസ്റ്റിലെ വേണ്ടാത്ത പേരുകൾ വെട്ടുകയും പകരം പേരുകൾ വെട്ടിയ പേരിനു മുകളിലായി കൈകൊണ്ട് എഴുതിച്ചേർക്കുകയും ചെയ്യുക.
- വിവിധ ലിസ്റ്റുകളിലെ സ്ഥാനാർത്ഥികൾക്ക് വോട്ട് നൽകണമെങ്കിൽ ഒരു പേരും എഴുതാതെ ലഭിച്ചിരിക്കുന്ന ബാലറ്റ് പേപ്പറിൽ അവരുടെ പേരുകൾ എഴുതുക.
- തീർച്ചയായും ജയിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥിക്ക് രണ്ട് വോട്ടുകൾ നൽകാം. എന്ന് പറഞ്ഞാൽ ഒരാളുടെ പേര് വെട്ടിയശേഷം ഇഷ്ടസ്ഥാനാർത്ഥിയുടെ പേര് വെട്ടിയ പേരിനു മുകളിലായി കൈകൊണ്ട് ഒന്ന് കൂടി എഴുതുക.
ഓരോ പാർട്ടിയും പല ബാലറ്റ് ലിസ്റ്റുകൾ ഇലക്ഷനിൽ മത്സരത്തിനായി അവതരിപ്പിക്കാറുണ്ട്. പ്രധാന സ്ഥാനാർത്ഥികൾ മത്സരിക്കുന്ന പ്രധാന ലിസ്റ്റും കൂടാതെ വനിതാ സ്ഥാനാർത്ഥികളെ മാത്രം ഉൾപ്പെടുത്തി മറ്റൊരു ലിസ്റ്റ്, യുവനിരയെ മാത്രം അണിനിരത്തി ഒരു ലിസ്റ്റ് എന്നിങ്ങനെ ഓരോ പാർട്ടിയും വിവിധ ലിസ്റ്റുകൾ വോട്ടിനായി ജനസമക്ഷം സമർപ്പിക്കുന്നു. ഓരോ ലിസ്റ്റിലും ലഭിക്കുന്ന വോട്ടിന്റെ ശതമാനം ആ പാർട്ടിയുടെ പ്രധാന ലിസ്റ്റിലേക്ക് ചേർക്കുകയും ആ ലിസ്റ്റിലെ പ്രധാന സ്ഥാനാർത്ഥികളുടെ വിജയ സാധ്യത വർദ്ധിക്കുകയും ചെയ്യുന്നു എന്നതാണ് ഈ ലിസ്റ്റുകൾ നൽകുന്ന നേട്ടം.
ഉദാഹരണത്തിന് സൂറിച്ച് കൺടോണിൽ EVP പാർട്ടിക്ക് അടുത്ത ഇലക്ഷനിൽ നിക് ഗുഗ്ഗർ മത്സരിക്കുന്ന ലിസ്റ്റ് 8 പ്രധാന ലിസ്റ്റാണ്. കൂടാതെ സ്ത്രികൾക്ക് മാത്രമായി ലിസ്റ്റ് 21, യുവജനങ്ങളെ മാത്രം ഉൾപ്പെടുത്തി ലിസ്റ്റ് 27 എന്നിങ്ങനെ മൂന്ന് ലിസ്റ്റുകൾ ഉണ്ട്.
NIK GUGGER
മലയാളിക്ക് അടുത്ത് പരിചയമുള്ള പാർലമെന്റ് അംഗമാണ് വിന്റരർത്തുർ നിന്നുള്ള നിക് ഗുഗ്ഗർ. അടുത്ത തെരഞ്ഞെടുപ്പിലും ഇവാൻജെലിക്കൽ പീപ്പിൾസ് പാർട്ടിയെ (EVP) പ്രതിനിധികരിച്ച് പാർലമെന്റിലേക്ക് അദ്ദേഹം മത്സരിക്കുകയാണ്. കേരളത്തിലെ തലശ്ശേരിയിൽ നിന്നും സ്വിസ് ദമ്പതികളുടെ ദത്ത് പുത്രനായി വന്ന നിക്ക് ഗുഗ്ഗർ പരമോന്നത ജനപ്രതിനിധി സഭയിൽ എത്തിയത് സ്വപ്രയത്നം കൊണ്ടുമാത്രം. മുഖ്യമന്ത്രിയുടെ ക്ഷണം സ്വികരിച്ച് അദ്ദേഹം അടുത്തകാലത്ത് കേരളത്തിൽ സന്ദർശനം നടത്തിയിരുന്നു. നാലുവയസ്സ് വരെ താൻ വളർന്ന തലശ്ശേരിയിൽ അദ്ദേഹത്തിന് പൗരാവലി സ്വികരണം നൽകി ആദരിച്ചിരുന്നു. സ്വിസ്സ് മലയാളി സംഘടനകളുടെ വേദികളിൽ അദ്ദേഹത്തിന്റെ സാന്നിധ്യം മലയാളികളോടുള്ള തന്റെ സ്നേഹവും ബന്ധവും വെളിപ്പെടുത്തുന്നു.
പരിസ്ഥിതിയും മാനുഷികമൂല്യങ്ങളും സംരക്ഷിച്ചുകൊണ്ട് രാഷ്ട്രസേവനം എന്ന ആപ്തവാക്യം അദ്ദേഹത്തിന്റെ പൊതുപ്രവർത്തനത്തിന്റെ അടിസ്ഥാന ശിലയാണ്.
വീണ്ടും മത്സരിക്കുന്ന അദ്ദേഹത്തെ വിജയിപ്പിക്കേണ്ടത് സ്വിസ് മലയാളികളുടെ കടമയാണ്. സൂറിച്ച് കൺടോണിൽ നിന്നുമാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെടേണ്ടത്. സ്വിസ് പൗരത്വമുള്ള സൂറിച്ചിലെ മലയാളികൾ അദ്ദേഹത്തിന് വോട്ട് ചെയ്യുന്ന കാര്യം മറക്കാതിരിക്കുക . ഒരു സ്ഥാനാർത്ഥിക്ക് രണ്ട് വോട്ട് നല്കാമെന്നുള്ള വ്യവസ്ഥ അനുസരിച്ച് അദ്ദേഹത്തിന് രണ്ട് വോട്ടുകൾ നൽകി വിജയം ഉറപ്പുവരുത്തേണ്ടതുണ്ട്. മാത്രവുമല്ല പരിചിതരായ സഹപ്രവർത്തകരെയും സ്വാധിനിച്ച് അദ്ദേഹത്തിന് വോട്ട് നൽകുവാനും ഓരോരുത്തരും ശ്രദ്ധിക്കുമല്ലോ. നമ്മുടെ ഒരു പ്രതിനിധി അടുത്ത സ്വിസ്സ് പാലർലമെന്റിലും ഉണ്ടാകുന്നത് നമുക്കൊരഭിമാനമായി കാണാം.
ഒരു വ്യക്തിക്ക് നാഷണൽ കൗണ്സിലിലേക്കും (Nationalrat ) കൗൺസിൽ ഓഫ് സ്റ്റേയ്റ്റ്‌സിലേക്കും (Ständerat ) പാർട്ടി അനുവദിച്ചാൽ മത്സരിക്കാവുന്നതാണ്. നിക് ഗുഗ്ഗർ ഈ രണ്ടു വിഭാഗങ്ങളിലും മത്സരിക്കുന്നുണ്ട്. രണ്ടിടത്തും വിജയിച്ചാൽ ഒരു സ്ഥാനം മാത്രമാണ് നിലനിര്ത്താന് അവകാശമുള്ളത്. കൗൺസിൽ ഓഫ് സ്റ്റേയ്റ്റ്‌സിലേക്ക് രണ്ടു പ്രതിനിധികൾ മാത്രമാണ് ഒരു കൺടോണിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നത്. അതുകൊണ്ട് ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിക്കുന്ന രണ്ടു പേരാണ് വിജയിക്കുക. എന്ന് പറഞ്ഞാൽ പ്രധാന പാർട്ടികളിൽ നിന്നുള്ള സ്ഥാനാർത്ഥികൾ മാത്രമാണ് തെരഞ്ഞെടുക്കപ്പെടാറുള്ളത്.
പിന്നെ എന്തുകൊണ്ട് രണ്ടിടത്തും മത്സരിക്കുന്നു എന്ന ചോദ്യത്തിന് നിക് ഗുഗ്ഗർ നൽകിയ മറുപടി : ആ സ്ഥാനാർത്ഥിത്വം കൂടുതൽ പരസ്യം ലഭിക്കുന്നതിന് നിമിത്തമാകും. അതുവഴി നാഷണൽ കൗൺസിലിലേക്ക് വിജയിക്കാൻ എളുപ്പമാകുമെന്നാണ്.
നിക് ഗുഗ്ഗറുടെ വിജയം ഉറപ്പാക്കാൻ സ്വിസ് പൗരത്വമുള്ള സൂറിച്ച് കന്റോണിലെ മലയാളികൾ ചെയ്യേണ്ടതിപ്രകാരമാണ്.
1. EVP ലിസ്റ്റ് (ലിസ്റ്റ് 8 ) ബാലറ്റുകളിൽ നിന്നും തെരഞ്ഞെടുത്ത് കവറിലിട്ട് തിരിച്ചയക്കുക.
2. ആ ലിസ്റ്റിൽ നിന്നും ഒരാളുടെ പേര് വെട്ടിയ ശേഷം അതിനു തൊട്ടു മുകളിൽ നിക് ഗുഗ്ഗർ എന്ന് എഴുതുക. ഇതുവഴി അദ്ദേഹത്തിന് രണ്ട് വോട്ടുകൾ ലഭിക്കും.
3. ജോലിസ്ഥലത്തും മറ്റും പരിചയമുള്ള പൗരന്മാരോട് അദ്ദേഹത്തിനായി വോട്ട് അഭ്യർത്ഥിക്കുക.
തെരഞ്ഞെടുപ്പിന് ഓരോ പാർട്ടിക്കും ഫണ്ട് അത്യാവശ്യമാണ്. വലിയ പാർട്ടികൾക്ക് സംഭാവനകൾ കിട്ടാൻ എളുപ്പമുണ്ട്. EVP യും നിക് ഗുഗ്ഗറും നമ്മുടെ സഹകരണവും പ്രതീക്ഷിക്കുന്നുണ്ട്. അദ്ദേഹം യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ മലയാളികളുടെ എല്ലാ വേദികളിലും ക്ഷണം സ്വികരിച്ച് എത്തുന്നുണ്ട്. ചെറിയൊരു ഫണ്ട് അദ്ദേഹത്തിന്റെ പാർട്ടിക്ക് നൽകുവാൻ സന്മനസ് കാണിക്കണമെന്ന് കൂടി ഓർമ്മിപ്പിക്കുന്നു.
www.nikgugger.ch എന്ന വെബ്‌സൈറ്റിൽ നിന്നും ഇലക്ഷൻ വിഷയങ്ങൾ കൂടുതലായി മനസ്സിലാക്കാവുന്നതാണ്. spenden എന്ന ഐക്കൺ ക്ലിക് ചെയ്‌താൽ ഓൺലൈൻ ആയി ക്രെഡിറ്റ് കാർഡിൽ നിന്നും സംഭാവനകൾ നൽകാൻ സാധിക്കും.
2023 ലെ തെരഞ്ഞെടുപ്പിൽ EVP മലയാളീസ് എന്നൊരു ലിസ്റ്റ് കൂടി അവതരിപ്പിക്കണമെന്നതാണ് തന്റെ ലക്ഷ്യമെന്ന് സംഭാഷണമധ്യേ നിക് ഗുഗ്ഗർ അറിയിക്കുകയുണ്ടായി. അതിനായി അദ്ദേഹം പാർട്ടിയിൽ മലയാളികളുടെ അംഗത്വം പ്രതീക്ഷിക്കുന്നു.
=======================================================